US: 13 killed in separate shooting incidents

വാഷിങ്ടണ്‍: അമേരിക്കയിലെ ഒഹിയോ, ജോര്‍ജ്ജിയ എന്നീ സംസ്ഥാനങ്ങളില്‍ ഉണ്ടായ വ്യത്യസ്ത വെടിവെയ്പ്പുകളില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഒഹിയോയില്‍ ഒരു കുടുംബത്തിലെ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

റൂറല്‍ ഒഹിയോയിലാണ് സംഭവം നടന്നത്. ഇതിന് തൊട്ടു പിറകെയാണ് ജോര്‍ജ്ജിയയില്‍ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഒഹിയോയില്‍ അടുത്തടുത്തുള്ള മൂന്ന് വീടുകളില്‍ നിന്ന് ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരു മൃതദേഹം ഒറ്റപ്പെട്ട സ്ഥലത്തുനിന്നുമാണ് കണ്ടെത്തിയത്.

ഇവരില്‍ ഒരാള്‍ 16 വയസ്സുകാരനും മറ്റുള്ളവര്‍ പ്രായപൂര്‍ത്തിയായവരുമാണ്. സംഭവസമയത്ത് ധാരാളം ആളുകള്‍ വീട്ടുകളില്‍ ഉണ്ടായിരുന്നു. രക്ഷപെട്ടവരില്‍ നാലു ദിവസംമാത്രം പ്രായമായ പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു.

മരിച്ച എല്ലാവരുടേയും തലയിലാണ് വെടിയേറ്റിരിക്കുന്നത്. സംഭവം ആത്മഹത്യയല്ലെന്നും അക്രമികള്‍ ഇപ്പോഴും ഒളിവിലാണെന്നും ഒഹിയോ അറ്റോര്‍ണി ജനറല്‍ മൈക്ക് ഡിവൈന്‍ പറഞ്ഞു. അറ്റോര്‍ണി ജനറലിന്റെ ബ്യൂറോ ഓഫ് ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം വടക്കന്‍ ജോര്‍ജ്ജിയയിലും ഒരു തോക്കുധാരിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ഒഹിയോ ഗവര്‍ണറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജോണ്‍ കാഷിച് അഭിപ്രായപ്പെട്ടു.

Top