Uruguay’s ex-president Batlle dies at 88

ഉറുഗ്വേ: മുന്‍ ഉറുഗ്വേ പ്രസിഡന്റ് ജോര്‍ജ് ബാറ്റില്‍ അന്തരിച്ചു. 88 വയസായിരുന്നു.

ഈ മാസം ആദ്യം കൊളറാഡോ പാര്‍ട്ടിയുടെ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് സെറിബ്രല്‍ ഹെമറേജിന് ശസ്ത്രക്രിയ നടത്തി ആശുപത്രിയില്‍ തുടരുകയായിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ സാനറ്റോറിയോ അമേരിക്കനോ ആശുപത്രിയില്‍ മരണം സംഭവിച്ചു.

അഭിഭാഷകനായും, മാധ്യമപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസിഡന്റാകുന്നതിന് മുമ്പ് 2000 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തില്‍ ലോവര്‍ ഹൗസ് ഓഫ് കോണ്‍ഗ്രസില്‍ സെനറ്ററായും അംഗമായും സേവനമനുഷ്ഠിച്ചു.

1927 ഒക്ടോബര്‍ 25ന് ഒരു രാഷ്ട്രീയ കുടുംബത്തിലാണ് ബാറ്റിലിന്റെ ജനനം. പിതാവ് ലൂയിസ് ബാറ്റില്‍ 1954-58 കാലഘട്ടത്തില്‍ ഉറുഗ്വേ പ്രസിഡന്റായിരുന്നു. മുന്‍ പ്രസിഡന്റുമാരായിരുന്ന ജോസ് ബാറ്റിലും ലോറെന്‍സോ ബാറ്റിലും ബന്ധുക്കളായിരുന്നു.

എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനുള്ള ജോര്‍ജ് ബാറ്റിലിന്റെ ശ്രമം അത്ര എളുപ്പമായിരുന്നില്ല. 1966ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1968ല്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം പ്രതിച്ഛായയെ മങ്ങലേല്‍പ്പിച്ചു. എന്നാല്‍ ഈ ആരോപണം ഇതുവരെ തെളിഞ്ഞിട്ടില്ല.

1971ലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പിന്നീട് ജനാധിപത്യ സംവിധാനം തിരിച്ചുവന്നതോടെ കൊളറാഡോ പാര്‍ട്ടിയില്‍ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. 1994ലും പ്രസിഡന്റ് സ്ഥാനത്തേക്ക് പരാജയപ്പെട്ടെങ്കിലും ഒടുവില്‍ 2000ത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

Top