മെസിക്ക് പിന്നാലെ ക്രിസ്റ്റ്യാനോയും റഷ്യ വിട്ടു; ഉറുഗ്വേ പോര്‍ച്ചുഗലിനെ കീഴടക്കി

സോച്ചി: അര്‍ജന്റീനയുടെ സൂപ്പര്‍താരം മെസിക്ക് പിന്നാലെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും റഷ്യയില്‍ നിന്ന് മടങ്ങി. ഇന്നലെ നടന്ന രണ്ടാമത്തെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ എഡിസണ്‍ കവാനിയുടെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഉറുഗ്വേ പോര്‍ച്ചുഗലിനെ കീഴടക്കി.

കവാനിയേയും സുവാരസിനെയും മുന്നില്‍ നിറുത്തി 4-1-2-1-2 ഫോര്‍മേഷനിലാണ് ഓസ്‌കാര്‍ ടബേരസ് ഉറുഗ്വേയെ കളത്തിലിറക്കിയത്. മറുവശത്ത് സാഞ്ചസ് പരമ്ബരാഗതമായ 4-4-2 ശൈലിയില്‍ റൊണാള്‍ഡോയേയും ഗുഡെസിനെയുമാണ് മുന്നില്‍ ആക്രമണത്തിന് നിയോഗിച്ചത്.

ഏഴാം മിനിട്ടിലാണ് കവാനിയിലൂടെ ഉറുഗ്വേ അക്കൗണ്ട് തുറന്നത്. സുവാരേസും കവാനിയും തമ്മിലുള്ള ഒത്തിണക്കത്തിലായിരുന്നു ഈ ഗോള്‍ പിറന്നത്.

തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്കൊടുവില്‍ രണ്ടാം പകുതിയില്‍ 55-ാം മിനിട്ടില്‍ ലഭിച്ച കോര്‍ണറില്‍ നിന്ന് പെപ്പെ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ പോര്‍ച്ചുഗലിന് സമനില നേടിക്കൊടുക്കുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ കവാനി വീണ്ടും ഉറുഗ്വേയുടെ രക്ഷകനാവുകയായിരുന്നു.

62-ാം മിനിട്ടില്‍ ബെന്റാന്‍കര്‍ നല്‍കിയ തകര്‍പ്പന്‍ പാസ് അതിമനോഹരമായൊരു ലോംഗ് റേഞ്ച് ഷോട്ടിലൂടെ കവാനി ഗോളാക്കുകയായിരുന്നു.

ആറാം തിയതി നടക്കുന്ന ക്വാര്‍ട്ടറില്‍ ഉറുഗ്വേയും ഫ്രാന്‍സും തമ്മില്‍ ഏറ്റുമുട്ടും.

Top