uro cup-spain,italy,portugal,win and germany loss

ബര്‍ലിന്‍ :യൂറോ കപ്പിനു മുന്നോടിയായുള്ള സന്നാഹ ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ സ്‌പെയ്ന്‍, ഇറ്റലി, പോര്‍ച്ചുഗല്‍ ടീമുകള്‍ക്കു ജയം. ലോക ചാംപ്യന്‍മാരായ ജര്‍മനിയെ സ്ലൊവാക്യ 31ന് അട്ടിമറിച്ചു.

ബോസ്‌നിയയ്‌ക്കെതിരെ 31നാണ് സ്‌പെയ്‌നിന്റെ ജയം. സെല്‍റ്റ വിഗോ താരം നോളിറ്റോ രണ്ടു ഗോള്‍ നേടി.

കളിയുടെ അവസാന മിനിറ്റില്‍ പെഡ്രോ സ്‌പെയിനിന്റെ മൂന്നാം ഗോള്‍ നേടി. ബോസ്‌നിയയുടെ ഏകഗോള്‍ നേടിയ എമിര്‍ സ്പാഹിക് പിന്നീട് ചുവപ്പു കാര്‍ഡ് കണ്ട് മടങ്ങുകയും ചെയ്തു.

സാധ്യതാ ടീമിലെ പ്രധാനികളെല്ലാം ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുകയായിരുന്നതിനാല്‍ പരീക്ഷണ ടീമിനെയാണ് സ്‌പെയ്ന്‍ കോച്ച് വിചെന്റെ ഡെല്‍ബോസ്‌ക്യു ഇറക്കിയത്.

ആര്‍ട്ടിസ് അദുരിസ്, ഡേവിഡ് സില്‍വ എന്നിവരായിരുന്നു മുന്നേറ്റത്തില്‍ നോളിറ്റോയ്ക്കു കൂട്ട്. മഞ്ഞുമൂടിയ മൈതാനത്ത് താളമില്ലാതെ കളിച്ച ജര്‍മനിക്ക് യൂറോയ്ക്കു മുന്‍പുള്ള കണ്ണുതുറപ്പിക്കലായി സ്ലൊവാക്യയ്‌ക്കെതിരെയുള്ള തോല്‍വി.

പെനല്‍റ്റിയിലൂടെ മരിയോ ഗോമസ് ജര്‍മനിയെ ആദ്യം മുന്നിലെത്തിച്ചെങ്കിലും ആദ്യ പകുതിയില്‍ തന്നെ മാറെക് ഹാംസിക്, മൈക്കല്‍ ദുരിസ് എന്നിവര്‍ സ്ലൊവാക്യയെ മുന്നിലെത്തിച്ചു.

ഗോള്‍കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര്‍സ്റ്റെഗന്റെ പിഴവില്‍ നിന്ന് ജുരാജ് കുച്ക ഇത്തവണ ആദ്യമായി യൂറോ കളിക്കാനെത്തുന്ന സ്ലൊവാക്യയുടെ മൂന്നാം ഗോളും നേടി. ജര്‍മനി കോച്ച് യോക്കിം ലോ നാലു താരങ്ങള്‍ക്ക് ദേശീയ ടീം അരങ്ങേറ്റം നല്‍കി.

മഞ്ഞുവീഴ്ച മൂലം ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടന്നതിനാല്‍ അര മണിക്കൂറിലേറെ ഇടവേള കഴിഞ്ഞാണ് രണ്ടാം പകുതി തുടങ്ങിയത്.

മാള്‍ട്ടയില്‍ നടന്ന കളിയില്‍ ഗ്രാസിയാനോ പെല്ലെയുടെ ഒറ്റ ഗോളിലായിരുന്നു സ്‌കോട്ട്‌ലന്‍ഡിനെതിരെ ഇറ്റലിയുടെ ജയം. മിഡ്ഫീല്‍ഡിലെ പ്രധാനികള്‍ക്കെല്ലാം പരുക്കേറ്റതിനാല്‍ പരീക്ഷണ ടീമിനെയാണ് കോച്ച് അന്റോണിയോ കോണ്ടെയും ഇറക്കിയത്.

ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ എദര്‍, എഎസ് റോമ താരം ഡാനിയേല്‍ ഡിറോസി എന്നിവരായിരുന്നു മധ്യനിരയില്‍ കളി നിയന്ത്രിച്ചത്.

57ാം മിനിറ്റില്‍ പെല്ലെയുടെ ഗോളിനു വഴിയൊരുക്കിയതും ഇരുവരും തന്നെ. സൂപ്പര്‍ താരം ക്രിസ്റ്റാനോ റൊണാള്‍ഡോയെ കൂടാതെയാണ് നോര്‍വെയ്‌ക്കെതിരെ പോര്‍ച്ചുഗല്‍ ഇറങ്ങിയത്.

എന്നാല്‍ പോര്‍ട്ടോയില്‍ അവര്‍ക്കു വെല്ലുവിളിയുണ്ടായില്ല. റിക്കാര്‍ഡോ ക്വാരെസ്മ, ഗ്വുറെയ്‌റോ, എദര്‍ എന്നിവരുടെ ഗോളുകളില്‍ 30നാണ് പറങ്കിപ്പട ജയിച്ചത്.

Top