പട്ടേലിന്‍റെ രാജി രാജ്യത്തിന്‍റെ സമ്പദ് ഘടനയ്ക്കും കേന്ദ്ര സര്‍ക്കാരിനും തിരിച്ചടി; സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ഊര്‍ജിത് പട്ടേലിന്റെ രാജി രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്കും കേന്ദ്ര സര്‍ക്കാരിനും തിരിച്ചടിയാകുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും രാജ്യസഭാ അംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി.

പൊതുജന താല്‍പര്യം മാനിച്ച് ഊര്‍ജിത് പട്ടേലിനോട് തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെടണമെന്നും സ്വാമി പറഞ്ഞു.

അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെയെങ്കിലും ഊര്‍ജിത് പട്ടേല്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്ത് തുടരണമെന്നും സ്വാമി വ്യക്തമാക്കി.

തിങ്കളാഴ്ച വൈകിട്ടാണു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍നിന്ന് ഉര്‍ജിത് പട്ടേല്‍ രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു രാജിയെങ്കിലും കേന്ദ്ര സര്‍ക്കാരുമായി തുടരുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണു പദവി ഒഴിയല്‍ എന്നാണു സൂചന. അഞ്ചു വരികളുള്ള രാജിക്കത്താണ് അദ്ദേഹം സമര്‍പ്പിച്ചത്.

Top