ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം; സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ്

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ്. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മുന്‍ കോടതി ജീവനക്കാരി 22 ജഡ്ജിമാര്‍ക്ക് പരാതി നല്‍കിയ സംഭവത്തിലാണ് അടിയന്തര സിറ്റിംഗ് നടത്തുന്നത്. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി നല്‍കിയിരിക്കുന്നത്.

പൊതുതാത്പര്യപ്രകാരമുള്ള അടിയന്തര വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നതെന്നാണ് സുപ്രീം കോടതി നോട്ടീസ് പുറത്തു വിട്ടിരിക്കുന്നത്. ഇത്തരത്തില്‍ സുപ്രീംകോടതിയില്‍ സിറ്റിംഗ് നടത്തുന്നത് അപൂര്‍വ നടപടിയാണ്.

പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണെന്ന് നോട്ടീസില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് സിറ്റിംഗ് ചേരുന്നത്. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ്.

തനിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിനാണ് ചീഫ് ജസ്റ്റിന്റെ നേതൃത്വത്തില്‍ സിറ്റിങ് ചേര്‍ന്നത്. ഇപ്പോള്‍ ആരോപണം ഉന്നയിച്ച സ്ത്രീയെ സുപ്രീം കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു വര്‍ഷം മുന്‍പ് പിരിച്ചുവിട്ടിരുന്നു. ഈ കേസ് ഇന്ന് പട്യാല കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ പുറത്തുവന്നത്.

തനിക്കെതിരായി ഉയര്‍ന്ന ആരോപണം വിശദീകരിക്കുന്നതിനാണ് അടിയന്തിര സിറ്റിങ് നടത്തിയതെന്നാണ് ചീഫ് ജസ്റ്റിസ് കോടതിയില്‍ വ്യക്തമാക്കിയത്. തനിക്കെതിരെ വലിയ ഗൂഡലാലോചനയാണ് നടക്കുന്നത്. തനിക്ക് ആകെയുള്ളത് ആറ് ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സ് മാത്രമാണ്. കഴിഞ്ഞ 20 വര്‍ഷമായി താന്‍ നിസ്വാര്‍ഥ സേവനം നടത്തുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ്. പണം കൊണ്ട് വിലക്കെടുക്കാന്‍ കഴിയാതെ വന്നപ്പോളാണ് പുതിയ ആരോപണം ഉന്നയിച്ച് കെുടുക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ താന്‍ രാജിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Top