മൂന്നാറില്‍ വൃദ്ധനു നേരെ പട്ടാപ്പകല്‍ ആള്‍ക്കൂട്ട ആക്രമണം; അഞ്ചു പേര്‍ക്കെതിരെ കേസ്

Attack

മൂന്നാര്‍: മീന്‍ കച്ചവടക്കാരനായ വൃദ്ധനു നേരെ ആള്‍ക്കൂട്ട ആക്രമണം. അടിമാലി വാളറ താണേലി എം. മക്കാറിനാണ്(68) മര്‍ദ്ദനമേറ്റത്. പട്ടാപ്പകല്‍ മര്‍ദനം നടന്നിട്ടും കണ്ടുനിന്നവരില്‍ ആരും പ്രതികരിച്ചില്ല. ഇദ്ദേഹം കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

സംഭവത്തില്‍ മാങ്കുളം സ്വദേശികളായ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മര്‍ദനം നടന്ന് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. എന്നാല്‍ പിന്നീട് മക്കാര്‍ ചികിത്സ തേടിയ ആശുപത്രിയില്‍ നിന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് മക്കാറിനെ മര്‍ദിച്ചതെന്ന് പ്രതികള്‍ പൊലീസിനോടു പറഞ്ഞു. എന്നാല്‍ മീന്‍ വിറ്റ വകയില്‍ ഒരു ഹോട്ടലില്‍നിന്ന് 30000 രൂപ ലഭിക്കാനുണ്ടെന്നും ഇത് ചോദിച്ചതിനെ തുടര്‍ന്നാണു കൂട്ടംകൂടി മര്‍ദിച്ചതെന്നുമാണ് മക്കാറിന്റെ വാദം.

സംഭവത്തില്‍ പ്രതിഷേധിച്ച് പത്താം മൈല്‍ ഇരുമ്പുപാലം മേഖലകളില്‍ ചൊവ്വാഴ്ച രാവിലെ 11 മുതല്‍ 12 വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടും ഓട്ടോ ടാക്‌സികള്‍ പണിമുടക്കിയും ഹര്‍ത്താല്‍ നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു.

Top