യുപിഐ സേവനങ്ങള്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക്;വിപ്ലവകരമായ നീക്കത്തിന് ഇന്ന് തുടക്കം

യുപിഐ സേവനങ്ങള്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക്. ഫ്രാന്‍സിന് പിന്നാലെ ശ്രീലങ്കയിലും മൗറീഷ്യസിലുമാണ് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇനി യുപിഐ വഴിയുള്ള സേവനങ്ങള്‍ നടത്താനാകുക. ഇന്ന് മുതല്‍ ഇരു രാജ്യങ്ങളിലും യുപിഐ സേവനങ്ങള്‍ ലഭ്യമാകുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഒപ്പം മൗറീഷ്യസില്‍ യുപിഐ സേവനങ്ങള്‍ക്ക് പുറമെ റുപേ കാര്‍ഡ് സേവനങ്ങളും ലഭ്യമാകുമെന്ന് വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നോന്ദ് തുടങ്ങിവര്‍ ഇന്ന് നടക്കാനിരിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കുമെന്ന് ആര്‍ബിഐ എക്സിലൂടെ അറിയിച്ചു.

യുപിഐ പണമിടപാടുകള്‍ ആഗോളതലത്തില്‍ സ്വീകരിക്കപ്പെടുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്ന കാര്യമാണ്. 150 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള പണമിടപാട് രീതി യുപിഐ ആണ്. 2024ല്‍ മാത്രം ഇന്ത്യയില്‍ 12.2 ബില്യണ്‍ യുപിഐ ഇടപാടുകള്‍ നടന്നു. അതുകൊണ്ടുതന്നെ ഈ നീക്കം അഗോളതലത്തില്‍ ഇന്ത്യക്ക് വലിയ നേട്ടമായി കാണാം.ഫെബ്രുവരി ആദ്യവാരം യുപിഐ സേവനങ്ങള്‍ ഫ്രാന്‍സില്‍ ലഭ്യമാക്കിയിരുന്നു. ഇതോടെ യുപിഐ വഴി പണം സ്വീകരിക്കുന്ന ആദ്യത്തെ ടൂറിസ്റ്റ് സ്ഥലമായി ഫ്രാന്‍സിലെ ഈഫല്‍ ടവര്‍ മാറി. നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഫ്രാന്‍സിലെ പ്രധാന ഇ-കോമേഴ്സ് കമ്പനിയായ ലൈറയും ചേര്‍ന്നായിരുന്നു ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നിര്‍ണായക നീക്കം സാധ്യമാക്കിയത്.

യുപിഐ സേവനങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരുന്നതോടെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും, അവിടേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ശ്രീലങ്കയിലും മൗറീഷ്യസിലും ഇവ പൂര്‍ണമായും ഉപയോഗിക്കാന്‍ സാധിക്കും. റുപേ കാര്‍ഡ് സേവനങ്ങള്‍ മൗറീഷ്യസീല്‍ എത്തുന്നതോടെ മൗറീഷ്യസിലുള്ള ബാങ്കുകള്‍ക്ക് കാര്‍ഡ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കാനും സാധിക്കും. ഇതിലൂടെ ഇന്ത്യയിലും മൗറീഷ്യസിലും കാര്‍ഡിന്റെ സേവനങ്ങള്‍ ഒരുപോലെ ഉപയോഗിക്കാനാകും. ഈ നീക്കത്തിലൂടെ രാജ്യങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ കണക്റ്റിവിറ്റി വര്‍ധിക്കുന്നതോടൊപ്പം ജനങ്ങള്‍ക്ക് വേഗമേറിയതും തടസമില്ലാത്തതുമായ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രയോജനപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഫിന്‍ടെക് ഇന്നോവേഷനില്‍ ഇന്ത്യ ചാലക ശക്തിയായി മാറിയിരിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ആരംഭിക്കുന്നുണ്ട്.

Top