യുപിഐ പരിഷ്‌കരിക്കുന്നു: പണമിടപാട് പരിധി രണ്ടുലക്ഷമാക്കും

മുംബൈ: നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) വികസിപ്പിച്ച മൊബൈല്‍ അധിഷ്ഠിത പണമിടപാട് സംവിധാനമായ യു.പി.ഐ.യുടെ പരിഷ്‌കരിച്ച പതിപ്പ് ഈയാഴ്ച എത്തിയേക്കും.

ഇടപാടിന്റെ പരിധി രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തിക്കൊണ്ടായിരിക്കും യു.പി.ഐ. (യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) 2.0 പതിപ്പ് പുറത്തിറക്കുക. രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമിലൂടെ തത്സമയം പണമിടപാട് നടത്താനുള്ള സൗകര്യമാണ് നിലവില്‍ യു.പി.ഐ. ഒരുക്കുന്നത്.

രണ്ടാം പതിപ്പില്‍ ഉപഭോക്താവിന് വ്യാപാര സ്ഥാപനങ്ങളില്‍ ബില്ലടയ്ക്കാനുള്ള സൗകര്യം വരെ ലഭിക്കുമെന്നാണ് അറിയുന്നത്. പേടിഎം, മൊബീ ക്വിക്ക് പോലുള്ള ഇ-വാലറ്റുകളുടെ സൗകര്യങ്ങളും പുതിയ ആപ്പില്‍ ലഭിച്ചേക്കും. ഗുണഭോക്താവിന്റെ ഇന്‍ബോക്‌സിലേക്ക് ഇന്‍വോയ്‌സ് അയയ്ക്കാനുള്ള സൗകര്യമായിരിക്കും മറ്റൊരു ഫീച്ചറെന്നാണ് റിപ്പോര്‍ട്ട്.

2018 ജൂണില്‍ യു.പി.ഐ. ഇടപാടുകളുടെ എണ്ണം മേയ് മാസത്തെക്കാള്‍ 30 ശതമാനം വര്‍ധിച്ച് 25 കോടിയിലെത്തിയിട്ടുണ്ട്. ഇടപാടുകളുടെ മൂല്യം 22 ശതമാനം ഉയര്‍ന്ന് 33,288 കോടി രൂപയുമായി.

Top