കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ സൈനികര്‍ക്ക് നവീകരിച്ച ജീവിത സൗകര്യമേര്‍പ്പെടുത്തി

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ചിട്ടുള്ള ഇന്ത്യന്‍ സൈനികര്‍ക്ക് നവീകരിച്ച ജീവിത സൗകര്യമേര്‍പ്പെടുത്തി. നവംബറിന് ശേഷം പ്രദേശത്ത് താപനില 30 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും 40 അടി വരെ മഞ്ഞ് വീഴുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ ജീവിത സൗകര്യമേർപ്പെടുത്തുന്നത്. ചൈനയുമായുള്ള ഏറ്റുമുട്ടലുകളെ തുടര്‍ന്ന് സമീപകാലത്ത് ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ച മേഖല കൂടിയാണ് കിഴക്കന്‍ ലഡാക്ക്.

ശൈത്യകാലത്ത് വിന്യസിച്ചിരിക്കുന്ന സൈനികരുടെ പ്രവർത്തനക്ഷമത ഉറപ്പു വരുത്തുന്നതിനായി, ഈ മേഖലയിൽ വിന്യസിച്ചിരിക്കുന്ന എല്ലാ സൈനികർക്കും നവീകരിച്ച ജീവിത സൗകര്യങ്ങൾക്കുള്ള ക്രമീകരണം ഏർപ്പെടുത്തിയതായി ഇന്ത്യൻ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. സ്മാര്‍ട്ട് ക്യാമ്പുകള്‍ക്ക് പുറമെ വൈദ്യുതി, വെള്ളം, ചൂടാക്കുന്നതിനുള്ള സൗകര്യങ്ങൾ തുടങ്ങിയവും അത്യാധുനിക ജീവിത സൗകര്യങ്ങളുമാണ് സൈനികർക്കായി ഇവിടെ പുതുതായി ഒരുക്കിയിട്ടുള്ളത്.

മുൻ നിരയിൽ പ്രവർത്തിക്കുന്ന സൈനികരെ, വിന്യാസത്തിന്റെ തന്ത്രപരമായ പരിഗണനകളനുസരിച്ച് ചൂടുള്ള കൂടാരങ്ങളിൽ പാർപ്പിക്കുകയും സൈനികരുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായും ഇന്ത്യൻ സൈന്യം പറയുന്നു. പ്രദേശത്ത് ചൈനീസ് സൈനികര്‍ക്ക് ഒരുക്കിയ ശീതകാല സജ്ജീകരണങ്ങള്‍ ഒക്ടോബറില്‍ ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

Top