അമേസിന്‍റെ പരിഷ്‍കരിച്ച പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു

ഹോണ്ടയുടെ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് സെഡാന്‍ അമേസിന്‍റെ പരിഷ്‍കരിച്ച പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 2021 ഹോണ്ട അമെയ്‌സ് E, S, VX എന്നീ മൂന്ന് വേരിയന്റുകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. പെട്രോൾ E – 6.32 ലക്ഷം രൂപ, പെട്രോൾ S – 7.16 ലക്ഷം രൂപ, പെട്രോൾ CVT S – 8.06 ലക്ഷം രൂപ, പെട്രോൾ VX – 8.22 ലക്ഷം രൂപ, പെട്രോൾ CVT VX – 9.05 ലക്ഷം രൂപ, ഡീസൽ E – 8.66 ലക്ഷം രൂപ, ഡീസൽ S – 9.26 ലക്ഷം രൂപ, ഡീസൽ VX – 10.25 ലക്ഷം രൂപ, ഡീസൽ CVT VX – 11.15 ലക്ഷം രൂപ എന്നിങ്ങനെയാണ് ദില്ലി എക്‌സ്-ഷോറൂം വിലകൾ എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

E വേരിയന്റ് മാന്വൽ ഗിയർബോക്‌സിൽ മാത്രമേ ലഭിക്കൂ. S, VX വേരിയന്റുകളിൽ പെട്രോൾ + ഓട്ടോമാറ്റിക് പതിപ്പും VX വേരിയന്റിൽ മാത്രം ഡീസൽ + ഓട്ടോമാറ്റിക് പതിപ്പും ലഭിക്കും.

പുത്തൻ അമേസിന്റെ എക്‌സ്റ്റീരിയറിലെ മാറ്റങ്ങളിൽ കൂടുതലും മുൻഭാഗത്താണ്. സെഡാന്റെ പ്രധാന ആകർഷണം പരിഷ്കരിച്ച ഗ്രില്ലാണ്. വണ്ണം കുറഞ്ഞ പ്രധാന ക്രോം ബാറിന് കീഴെയായി രണ്ട് ക്രോം ബാറുകളും ചേർന്നതാണ് പുതിയ ഗ്രിൽ. ബമ്പറിലെ ഫോഗ് ലാമ്പ് ഹൗസിങ് പരിഷ്കരിക്കുകയും പുതിയ ക്രോം ഗാർണിഷുകൾ ചേർക്കുകയും ചെയ്തു.

2013-ല്‍ എത്തിയ അമേസിന്‍റെ രണ്ടാം തലമുറ 2018ലാണ് എത്തുന്നത്. ഈ മോഡലാണ് നിലവില്‍ വിപണിയില്‍ ഉള്ളത്. കോംപാക്ട് സെഡാന്‍ ശ്രേണിലെ മികച്ച വില്‍പ്പനയുള്ള മോഡലിനൊപ്പം, ഹോണ്ടയുടെ ടോപ്പ് സെല്ലിങ്ങ് കാറുകളുടെ പട്ടികയിലേക്കും അമേസ് എത്തിയിട്ടുണ്ട്. 2013 ഏപ്രിലില്‍ അവതരിപ്പിച്ച ശേഷം 2018 മാര്‍ച്ച് വരെ ഈ മോഡലിന്റെ 2.6 ലക്ഷം യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചെന്നാണ് കണക്കുകള്‍. തുടര്‍ന്ന് 2018 മേയ് മാസത്തില്‍ അവതരിപ്പിച്ച രണ്ടാം തലമുറയുടെ 1.4 ലക്ഷം യൂണിറ്റുകളും ഇതുവരെ വിറ്റഴിച്ചുവെന്ന് കമ്പനി പറയുന്നു. ഇതിലെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് മികച്ച വില്‍പ്പന. അമേസ് വിൽപനയിൽ 44 ശതമാനത്തോളം വൻനഗരങ്ങളുടെ സംഭാവനയാണെന്നാണു ഹോണ്ടയുടെ കണക്ക്. അവശേഷിക്കുന്ന 56% രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിൽ നിന്നു ലഭിച്ചതാണ്. ഒപ്പം അമേസിന്റെ ഓട്ടമാറ്റിക് പതിപ്പിനോടുള്ള പ്രിയമേറുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യ തലമുറ അമേയ്സ് വിൽപനയിൽ 10 ശതമാനത്തിൽ താഴെ മാത്രമായിരുന്നു സി വി ടി പതിപ്പിന്റെ വിഹിതം. എന്നാൽ പുതിയ മോഡലിന്റെ വിൽപനയിൽ 20 ശതമാനത്തോളം ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള കാറുകളാണ്.

Top