സുരക്ഷയില്‍ ഞെട്ടിക്കും വിലയില്‍ മോഹിപ്പിക്കും പുത്തൻ ക്രെറ്റ!

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി ഇന്ത്യ 2023 ക്രെറ്റയെ ഇന്ത്യൻ വിപണിയിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകളും അപ്‌ഡേറ്റ് ചെയ്‍ത പവർട്രെയിനുമായി അവതരിപ്പിച്ചു. RDE, E20 കംപ്ലയിന്റ് എഞ്ചിനുകൾ ഉള്ള ക്രെറ്റ മിഡ്‌സൈസ് എസ്‌യുവിയെ ഹ്യുണ്ടായ് അപ്‌ഡേറ്റ് ചെയ്‍തിട്ടുണ്ട്. പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ക്രെറ്റ മോഡലുകളുടെ വിലയിൽ 45,000 രൂപ വരെ വർധിച്ചു. പുതിയ ശ്രേണിയിൽ ആറ് എയർബാഗുകൾ പോലുള്ള സുരക്ഷാ ഫീച്ചറുകളും ലഭിക്കുന്നു. 10.84 ലക്ഷം മുതൽ 19.13 ലക്ഷം വരെയാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എക്സ്-ഷോറൂം വില.

2023 ഹ്യുണ്ടായ് ക്രെറ്റയുടെ പെട്രോൾ പതിപ്പ് ഇപ്പോൾ 10.84 ലക്ഷം മുതൽ 18.34 ലക്ഷം രൂപ വരെ ലഭ്യമാണ്. ഡീസൽ ശ്രേണി 11.89 ലക്ഷം രൂപയിൽ തുടങ്ങി ടോപ് എൻഡ് വേരിയന്റിന് 19.13 ലക്ഷം രൂപ വരെ ഉയരുന്നു. പെട്രോൾ പതിപ്പിന് സമാനമായി 20,000 രൂപ വില വർധിപ്പിച്ചപ്പോൾ, ഡീസൽ ക്രെറ്റയ്ക്ക് ഇപ്പോൾ 45,000 രൂപ വില കൂടുതലാണ്. പുതിയ ഹ്യുണ്ടായ് ക്രെറ്റയുടെ എൻജിൻ നിരയിലോ ഔട്ട്‌പുട്ട് കണക്കുകളിലോ മാറ്റമൊന്നും വരുത്തിയിട്ടില്ല. ക്രെറ്റയുടെ പെട്രോൾ എഞ്ചിനുകൾ ഇപ്പോൾ E20 എഞ്ചിനാണ്. അതായത് അവയ്ക്ക് ഇപ്പോൾ 20 ശതമാനം എത്തനോൾ കലർന്ന ഇന്ധനത്തിൽ പ്രവർത്തിക്കാൻ കഴിയും. ഇതിന് ഇന്ധന സംവിധാനത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. 2023 ഏപ്രിൽ മുതൽ സർക്കാർ ഘട്ടം ഘട്ടമായി E20 ഇന്ധനം പുറത്തിറക്കാൻ തുടങ്ങും. എഞ്ചിനുകളും ഇപ്പോൾ RDE കംപ്ലയിന്റാണ്. അതായത് അവ കൂടുതൽ മലിനീകരണ വിമുക്തമാണ്.

2023 ഹ്യുണ്ടായ് ക്രെറ്റ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത് – 1.5 ലിറ്റർ NA പെട്രോളും മറ്റൊരു 1.5 ലിറ്റർ ടർബോ ഡീസലും. രണ്ട് പവർട്രെയിൻ ഓപ്ഷനുകളും ഇപ്പോൾ Idle Start/Stop സാങ്കേതികവിദ്യയിൽ ലഭ്യമാണ്. പെട്രോൾ എഞ്ചിൻ 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ ടർബോ ഡീസൽ എഞ്ചിൻ 115 bhp കരുത്തും 250 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.

ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ സ്റ്റാൻഡേർഡായി ആറ് സ്‍പീഡ് മാനുവൽ ഉൾപ്പെടുന്നു. പെട്രോളിനൊപ്പം 6-സ്പീഡ് iMT, പെട്രോളിനൊപ്പം CVT, ഡീസലിനൊപ്പം 6-സ്പീഡ് ടോർക്ക് കൺവെർട്ടറും ലഭിക്കും. പെട്രോൾ, ഡീസൽ എഞ്ചിനുകൾ രണ്ടും ഇപ്പോൾ റിയൽ ഡ്രൈവൺ എമിഷൻസ് അല്ലെങ്കിൽ ആർഡിഇ മാനദണ്ഡങ്ങൾ പാലിക്കുന്നു. അവയ്ക്ക് E20 ഇന്ധനത്തിൽ പ്രവർത്തിക്കാൻ കഴിയും. ഡീസൽ എഞ്ചിനുകൾ ഇപ്പോൾ എമിഷൻ നിയന്ത്രണത്തിനായി ഒരു SCR (സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷൻ) സിസ്റ്റം ഉപയോഗിക്കുന്നു.

പുതിയ ഹ്യുണ്ടായ് ക്രെറ്റയുടെ അടിസ്ഥാന E ട്രിമ്മിൽ ആറ് എയർബാഗുകൾ ലഭിക്കുന്നു. ഇതോടൊപ്പം, ESC, VSM, ഹിൽ അസിസ്റ്റ്, റിയർ ഡിസ്‍ക് ബ്രേക്ക്, സീറ്റ് ബെൽറ്റ് ഉയരം ക്രമീകരിക്കൽ, ഐസോഫിക്സ് മൗണ്ട് തുടങ്ങിയ സവിശേഷതകളും ലഭ്യമാണ്. ടോപ്പ്-സ്പെക്ക് SX(O) ട്രിമ്മിൽ മാത്രമാണ് ഇതുവരെ ആറ് എയർബാഗുകൾ വാഗ്‍ദാനം ചെയ്‍തിരുന്നത്. ക്രെറ്റയ്ക്ക് ഇപ്പോൾ 60:40 പിൻ സീറ്റ് സ്പ്ലിറ്റ്/ഫോൾഡ് ഫീച്ചറും സ്റ്റാൻഡേർഡായി ലഭിക്കുന്നു. ഇതും മുമ്പ് എസ്എക്സ് ട്രിമ്മിൽ നൽകിയിരുന്നു. വെന്യു, അലകാസർ എസ്‌യുവികളിലും സമാനമായ അപ്‌ഡേറ്റുകൾ ഹ്യുണ്ടായ് പുറത്തിറക്കിയിട്ടുണ്ട്. ഹ്യുണ്ടായിയുടെ മുഴുവൻ എസ്‌യുവി ലൈനപ്പും ഇപ്പോൾ RDE, E20 എന്നിവയ്ക്ക് അനുസൃതമാണ് എന്നാണ് റിപ്പോർട്ടുകൾ.

Top