രാഹുലിനെ ‘പ്രതീക്ഷിച്ച’ കോൺഗ്രസ്സ്, തിരഞ്ഞെടുപ്പുകളിൽ തകർന്നടിയും !

റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ചിരുന്ന ചക്രവര്‍ത്തിയായാണ് നീറോ അറിയപ്പെടുന്നത്. അതേ പ്രയോഗമാണ് കാലം സാക്ഷാല്‍ രാഹുല്‍ ഗാന്ധിക്കായും കരുതിവച്ചിരിക്കുന്നത്. നിലവില്‍ ഏതു നിമിഷവും കത്തിപ്പടര്‍ന്ന് ചാരമാകാവുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്സുള്ളത്. രക്ഷപ്പെടണമെങ്കില്‍ ഒരു ‘കൈ’ സഹായം ആ പാര്‍ട്ടിക്ക് ഇപ്പോള്‍ ഏറെ അനിവാര്യമാണ്. എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ട് ഇറ്റലിയിലേക്കാണ് രാഹുല്‍ ഗാന്ധി പറന്നിരിക്കുന്നത്. ഇതോടെ ജനുവരി മൂന്നിന് പഞ്ചാബില്‍ തുടക്കം കുറിക്കാനിരുന്ന തിരഞ്ഞെടുപ്പു റാലികളുടെ ഉദ്ഘാടനമാണ് അവതാളമായിരിക്കുന്നത്. റാലിക്കായി കോണ്‍ഗ്രസ്സ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് രാഹുലിന്റെ അപ്രതീക്ഷിത യാത്രയും ഉണ്ടായിരിക്കുന്നത്.

പുതുവത്സരം കഴിഞ്ഞ വര്‍ഷത്തെപ്പോലെ അദ്ദേഹം പ്രായമായ മുത്തശ്ശിക്കൊപ്പം ഇറ്റലിയില്‍ ചെലവിടുമെന്നാണ് വിശ്വസ്ത കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ വല്ലാത്ത ഒരു ഗതികേടാണിത്. പാര്‍ട്ടി ജീവന്‍മരണ പോരാട്ടം നടത്തുന്ന ഘട്ടത്തിലുള്ള രാഹുലിന്റെ ഈ യാത്ര കോണ്‍ഗ്രസ്സ് അണികളെ മാത്രമല്ല നേതാക്കളെയും അമ്പരപ്പിച്ചിട്ടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാണ് പഞ്ചാബിലും യു.പിയിലും ഉടനെ നടക്കുവാന്‍ പോകുന്ന തിരഞ്ഞെടുപ്പുകള്‍. യു.പി ബി.ജെ.പിയാണ് ഭരിക്കുന്നതെങ്കില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ്സ് ഭരണമാണ് ഉള്ളത്. പഞ്ചാബ് കൂടി കൈ വിട്ടാല്‍ അത് രാജ്യത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ അവശേഷിക്കുന്ന ആത്മവിശ്വാസം കൂടിയാണ് ഇല്ലാതാക്കുക. ഇത് വ്യക്തമായി അറിയാവുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു പോലും രാഹുലിന്റെ യാത്ര തടയാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഡല്‍ഹി എ.ഐ.സി.സി. ആസ്ഥാനത്ത് പാര്‍ട്ടിയുടെ 137-ാം സ്ഥാപകദിനാഘോഷത്തില്‍ പങ്കെടുത്തശേഷമാണ് രണ്ടാഴ്ചത്തെ വിദേശപര്യടനത്തിനായി രാഹുല്‍ പറന്നിരിക്കുന്നത്. നവംബറില്‍ ദീപാവലിക്കു തൊട്ടുമുന്‍പാണ് രാഹുല്‍ മൂന്നാഴ്ചത്തെ വിദേശസന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയിരുന്നത് എന്നതും നാം ഓര്‍ക്കണം. കഴിഞ്ഞ വര്‍ഷത്തെ പോലെയല്ല ഇത്തവണത്തെ പുതുവര്‍ഷമെന്നതെങ്കിലും രാഹുല്‍ ഓര്‍ക്കണമായിരുന്നു. തിരഞ്ഞെടുപ്പ് എന്നത് ഒരു പോരാട്ടമാണ്. അതില്‍ ആദ്യ ചുവട് വയ്പ്പാകട്ടെ നിര്‍ണ്ണായകവുമാണ്. അതില്‍ നിന്നാണിപ്പോള്‍ രാഹുല്‍ ഗാന്ധി വിട്ടു നിന്നിരിക്കുന്നത്. ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്ന രീതിയല്ല.

ലോകസഭ തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയപ്പോള്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഇട്ടെറിഞ്ഞ് ഓടിയ മാനസികാവസ്ഥയിലേക്ക് വീണ്ടും രാഹുല്‍ ഗാന്ധി തരംതാന്നിരിക്കുകയാണ്. ഇത് രാഷ്ട്രീയ എതിരാളികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും വളരെ വലുതാണ്. ഇപ്പോള്‍ തന്നെ ബി.ജെ.പി രാഹുലിന്റെ യാത്ര വിവാദമാക്കി കഴിഞ്ഞു. യു.പി നിലനിര്‍ത്തുക എന്നതു മാത്രമല്ല പഞ്ചാബ് ഭരണം പിടിച്ചെടുക്കുക എന്നതും കാവിപ്പടയുടെ അജണ്ടയാണ്. അതിനു വേണ്ടി പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടെ പഞ്ചാബില്‍ കേന്ദ്രീകരിക്കുമ്പോഴാണ് കോണ്‍ഗ്രസ്സിന്റെ പടനായകന്‍ പടക്കളം വിട്ട് ഓടിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഇനി തിരിച്ചു വന്ന് പട നയിച്ചാലും ആ പടക്ക് പഞ്ചാബ് ഭരണം നിലനിര്‍ത്താനുള്ള ശേഷിയുണ്ടാകാനും സാധ്യതയില്ല. ഒരിക്കല്‍ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചു പിടിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. റോഡ് ഷോയില്‍ കൂടി മാത്രം മറികടക്കാന്‍ കഴിയുന്ന ഒന്നല്ല അത്.

പഞ്ചാബില്‍ ഇപ്പോള്‍ നടക്കുന്നത് ശക്തമായ ത്രികോണ മത്സരമാണ്. ആം ആദ്മി പാര്‍ട്ടിയും, അമരീന്ദര്‍ സിംഗ് – ബി.ജെ.പി സഖ്യവും വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസ്സിനു ഉയര്‍ത്തുന്നത്. പ്രചരണ രംഗത്തും സംഘടനാ മികവിലും ഈ രണ്ട് എതിരാളികള്‍ക്കും ഒപ്പമെത്താന്‍ സംസ്ഥാന ഭരണം കയ്യിലുണ്ടായിട്ടും കോണ്‍ഗ്രസ്സിനു ഇതുവരെ കഴിഞ്ഞിട്ടില്ല. നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. ഹൈക്കമാന്റ് മുതല്‍ സംസ്ഥാന ഘടകങ്ങള്‍ വരെ നിഷ്‌ക്രിയമായ അവസ്ഥയിലാണ് ഉള്ളത്.

ഒരു അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ പോലും പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറി കഴിഞ്ഞു. സോണിയ ഗാന്ധിയെ മുന്‍ നിര്‍ത്തി ആ പാര്‍ട്ടിയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് സംഘടന ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലാണ്. കെ.സിയെ അനുസരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ തയ്യാറാകാത്തതും പുതിയ കാഴ്ചകളാണ്. ഇങ്ങനെ അടിമുടി തകരാറിലായി പാര്‍ട്ടി നില്‍ക്കുമ്പോഴുള്ള രാഹുലിന്റെ ഇറ്റലിയാത്ര തീര്‍ച്ചയായും വിമര്‍ശിക്കപ്പെടും. അതില്‍ കോണ്‍ഗ്രസ്സ് നേതൃത്വം വിളറിപിടിച്ചിട്ട് ഒരു കാര്യവുമില്ല.

‘രാഹുല്‍ ഗാന്ധി സ്വകാര്യസന്ദര്‍ശനത്തിന് വിദേശത്തു പോയതാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് ബി.ജെ.പി.യും മാധ്യമസുഹൃത്തുക്കളും വിട്ടുനില്‍ക്കണമെന്നും’ പറയുന്ന കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആദ്യം ഇക്കാര്യം പറഞ്ഞു കൊടുക്കേണ്ടത് കോണ്‍ഗ്രസ്സ് നേതാക്കളോടാണ്. അവര്‍ക്കു പോലും ബോധ്യപ്പെടാത്ത കാര്യം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ഒരിക്കലും ശ്രമിക്കരുത്.

വിഭാഗീയതയും ചേരിപ്പോരും കൂട്ടരാജിയുമൊക്കെ പഞ്ചാബിലെ കോണ്‍ഗ്രസ്സില്‍ സൃഷ്ടിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്. അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടപ്പോള്‍ തന്നെ ചങ്കാണ് തകര്‍ന്നിരിക്കുന്നത്. അവശേഷിക്കുന്ന പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാന്‍ മൂന്നാം തിയ്യതി നിശ്ചയിച്ചിരുന്ന രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലിയിലൂടെ കഴിയുമെന്നായിരുന്നു പഞ്ചാബിലെ കോണ്‍ഗ്രസ്സ് നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. അതാണിപ്പോള്‍ രാഹുല്‍ ഗാന്ധി തന്നെ പൊളിച്ചടുക്കിയിരിക്കുന്നത്.

‘യാത്രാവിവരം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും പ്രതിപക്ഷം ഇത് ചര്‍ച്ചയാക്കിയതിനെ പാര്‍ട്ടി വക്താവ് പ്രതിരോധിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായതെന്നുമാണ് ‘ പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഹുലിന്റെ അഭാവത്തില്‍ പഞ്ചാബിലെ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിനിര്‍ണയവും ഏറെ വൈകാനാണ് സാധ്യത. ഇതോടെ പഞ്ചാബ് ഭരണം കൈവിട്ടാല്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും രാഹുല്‍ ഗാന്ധിക്കും ഇനി ഒഴിഞ്ഞുമാറാന്‍ കഴിയുകയില്ല. അക്കാര്യവും വ്യക്തമാണ്.

EXPRESS KERALA VIEW

Top