സ്കോർപിയോ, ബ്രെസ, വെർട്യൂസ്; അടുത്ത മാസം വിപണിയിലെത്തുന്ന വാഹനങ്ങള്‍

കോവിഡും ചിപ്പ് ക്ഷാമവും ഇന്ത്യൻ വാഹനങ്ങളുടെ വിൽപനയെ കാര്യമായി ബാധിച്ചിട്ടുണ്ടെങ്കിലും വളർച്ചയിലാണ് വാഹന വിപണി. നിരവധി പുതിയ വാഹനങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പുതിയ എസ്‍യുവികളും കാറുകളും ഇലക്ട്രിക് വാഹനങ്ങളുമെല്ലാം ഉടൻ വിപണിയിലെത്തും. അടുത്ത മാസം വിപണിയിലെത്തുന്ന പ്രധാന വാഹനങ്ങൾ ഇവയാണ്.

കിയ ഇവി 6

ഇന്ത്യയിലെ ആദ്യ കിയ ഇലക്ട്രിക് എസ്‌‍യുവി ജൂൺ ആദ്യം വിപണിയിലെത്തും. ഹ്യുണ്ടേയ് ഗ്രൂപ്പിന്റെ ഇ–ജിഎംപി ആർക്കിടെക്ചറിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്. 77.4 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ. റിയർ വീൽ ഡ്രൈവ്, ഓൾവീൽ ഡ്രൈവ് ട്രിമ്മുകളിൽ വാഹനം ലഭിക്കും. റിയൽ വീൽ ഡ്രൈവ് മോഡലിന് 226 ബിഎച്ച്പി കരുത്തുണ്ട്. ഓൾ വീൽ ഡ്രൈവ് മോഡലിന്റെ കരുത്ത് 321 ബിഎച്ച്പിയാണ്. റിയൽ വീൽ ഡ്രൈവ് മോഡൽ ഒറ്റ ചാർജിൽ 528 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഓൾ വീൽ ഡ്രൈവ് മോഡൽ 425 കിലോമീറ്റർ സഞ്ചരിക്കും.

ഫോക്സ്‌വാഗൻ വെർട്യൂസ്

കുറച്ചു നാൾ മുമ്പ് വേൾഡ് പ്രീമിയർ നടത്തിയ വെർട്യൂസിന്റെ വില ഫോക്സ്‌വാഗൻ ജൂണിൽ പ്രഖ്യാപിക്കും. സ്കോഡ സ്ലാവിയയുടെ ഫോക്സ്‌വാഗൻ പതിപ്പാണ് വെർട്യൂസ്. ചെറു സെ‍ഡാൻ വെന്റോയുടെ പകരക്കാരനായിട്ടായിരിക്കും വെർട്യൂസ് വിപണിയിലെത്തുക. എക്യൂബി എ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന കാറിന് വെന്റോയെക്കാൾ വലുപ്പം കൂടുതലായിരിക്കും. സ്ലാവിയയുടെ ഫോക്സ്‌വാഗൺ പതിപ്പാണെങ്കിലും അകത്തും പുറത്തും ധാരാളം മാറ്റങ്ങളുണ്ട്. 1.5 ലീറ്റർ ടിഎസ്ഐ, 1 ലീറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എൻജിൻ വകഭേദങ്ങളുണ്ട്. മൂന്നു സിലണ്ടർ 1 ലീറ്റർ മോഡലിന് 110 ബിഎച്പി കരുത്തുണ്ട് 1.5 ലീറ്ററിന് 150 ബിഎച്ച്പിയാണ് കരുത്ത്. ആറു സ്പീഡ് മാനുവലും ടോർക്ക് കൺവർട്ടർ ഓട്ടോയും 1 ലീറ്ററിലുള്ളപ്പോൾ 7 സ്പീഡ് ഡി എസ് ജിയാണ് 1.5 ലീറ്ററിന്.

ഹ്യുണ്ടേയ് വെന്യു

ഹ്യുണ്ടേയ്‌യുടെ ചെറു എസ്‍യുവി വെന്യുവിന്റെ പുതിയ പതിപ്പാണ് അടുത്ത മാസം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു മോഡൽ. മാറ്റങ്ങൾ വരുത്തിയ മുൻഭാഗത്തെ ഡിസൈനോടെയാകും വാഹനം പുറത്തിറങ്ങുക. ഇന്റീരിയറിലും ധാരാളം മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ ട്യൂസോണിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന പല ഫീച്ചറുകളും പുതിയ വെന്യുവിലുണ്ടാകും. എൻജിനിൽ കാര്യമായി മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല. 1 ലീറ്റർ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിൻ എന്നിവയായിരിക്കും പുതിയ വാഹനത്തിലും.

മാരുതി ബ്രെസ

മാരുതി ബ്രെസയുടെ പുതിയ മോഡൽ ജൂൺ അവസാനം വിപണിയിലെത്തും. വാഹനത്തിന് അടിമുടി രൂപമാറ്റങ്ങളുണ്ടെന്ന് പാപ്പരാസികൾ പകർത്തിയ ചിത്രങ്ങളിൽനിന്ന് വ്യക്തമാകുന്നുണ്ട്. പ്ലാറ്റ്ഫോമിൽ മാറ്റമില്ലെങ്കിലും ഉള്ളിലും പുറമെയും കാര്യമായ പുതുക്കലുകൾ ഉണ്ടായിട്ടുണ്ട്. പിന്നിലെ രൂപം പൂർണമായും മാറിയാണ് വാഹനം വിപണിയിൽ എത്തുകയെന്ന് കമ്പനി വൃത്തങ്ങളും സൂചിപ്പിക്കുന്നു. ഉള്ളിൽ വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങൾ, വയർലെസ് ചാർജിങ്, സൺറൂഫ് എന്നിവയടങ്ങിയ പ്രീമിയം ക്രമീകരണങ്ങളുണ്ട്. എൻജിനും ഗിയർബോക്സ് സംവിധാനത്തിനും നിലവിലെ വാഹനത്തിൽനിന്നു മാറ്റമുണ്ടാകുമോ എന്നു വ്യക്തമല്ല.

മഹീന്ദ്ര സ്കോർപിയോ എൻ

ഇസ‍ഡ് 101 എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന പുതു തലമുറ സ്കോർപിയോ എൻ ജൂൺ അവസാനം വിപണിയിലെത്തും. വില അടക്കമുള്ള വിവരങ്ങൾ ജൂൺ 27 ന് പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി മഹീന്ദ്ര ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. നിലവിലെ സ്കോർപിയോ ചെറിയ മാറ്റങ്ങൾ വരുത്തി ക്ലാസിക് എന്ന് പേരിൽ നിലനിർത്തിയാണ് പുതിയ മോഡൽ പുറത്തിറക്കുക. മഹീന്ദ്രയുടെ ലാഡർ ഫ്രെയിമിലാണ് പുതിയ സ്കോർപിയോ നിർമിക്കുന്നത്. ഥാറിലും എക്സ്‌യുവി 700 ലും ഉപയോഗിക്കുന്ന പുതിയ എൻജിനായിരിക്കും സ്കോർപിയോയിലും. പ്രീമിയം ഇൻറീരിയർ, ഏറ്റവും പുതിയ സാങ്കേതികവിദ്യ തുടങ്ങി ഏറ്റവും ആധുനിക സവിശേഷതകളോടെ പുറത്തിറങ്ങുന്ന സ്കോർപിയോ-എന്നിൻറെ മാനുവൽ, ഓട്ടമാറ്റിക് പതിപ്പുകൾ ലഭ്യമാണ്. പെട്രോൾ, ഡീസൽ എൻജിനുകളിൽ ഇവ ലഭിക്കും. വാഹനത്തിന് നാലുവീൽ ഡ്രൈവ് മോഡലുമുണ്ടാകും.

സിട്രോൺ സി 3 എയർക്രോസ്

സിട്രോണിന്റെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനം സി 3 എയർക്രോസ് ജൂൺ അവസാനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ, 4 മീറ്ററിൽ താഴെ നീളവും എസ്‌യുവി സ്റ്റൈലുമുള്ള ഹാച്ച്ബാക് സി 3, ഇന്ത്യയേയും തെക്കേ അമേരിക്കൻ രാജ്യങ്ങളേയും ലക്ഷ്യമിട്ട് നിർമിക്കുന്ന 3 മോഡലുകളിൽ ആദ്യത്തേതാണ്. 3.98 മീറ്റർ നീളം, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഉയർന്ന ബോണറ്റ്, ഉയർന്ന ഡ്രൈവിങ് സീറ്റ് എന്നിങ്ങനെയുള്ള എസ്‌യുവി സവിശേഷതകളും മനോഹരമായ ഡാഷ്ബോർഡ്, ഫിക്സഡ് മൊബൈൽ ഹോൾഡർ, 10 ഇഞ്ച് ടച്സ്ക്രീൻ അടക്കമുള്ള ആധുനിക ഇൻഫൊടെയ്ൻമെന്റ്– കണക്ടിവിറ്റി സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് സി3 എത്തുന്നത്. എൻജിൻ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനും മാനുവൽ ഗിയർബോക്സും 7 സ്പീഡ് ഡിസിടി ഗിയർബോക്സും വാഹനത്തിന് ലഭിച്ചേക്കും. റൈറ്റ് ഹാൻഡ് ഡ്രൈവുള്ള രാജ്യാന്തര വിപണിക്ക് വേണ്ടിയും ചെന്നൈയിലെ പ്ലാന്റിൽ നിന്നായിരിക്കും വാഹനം നിർമിക്കുക.

Top