ശിവസേന ഔട്ട്, അവസരം എൻ.സി.പിക്ക്, മാറി മറിയുന്ന മറാത്ത രാഷ്ട്രീയ നാടകം !

രേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് ബി.ജെ.പിയും ശിവസേനയും. ആരാണ് തീവ്ര ഹിന്ദുത്വവാദികള്‍ എന്ന കാര്യത്തിലാണ് സാധാരണ ഇവര്‍ തമ്മില്‍ മത്സരം നടക്കാറുള്ളത്. ഇപ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയാണ് രണ്ടു പാര്‍ട്ടികളും അടിച്ചുപിരിഞ്ഞിരിക്കുന്നത്.

കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ശിവസേനയുടെ ഏകമന്ത്രി രാജിവച്ചാണ് ബദല്‍ സര്‍ക്കാറിനുള്ള കരുനീക്കങ്ങള്‍ സജീവമാക്കിയിരുന്നത്. എന്നാല്‍ ഗവര്‍ണര്‍ സമയം നീട്ടി നല്‍കാത്തതിനെ തുടര്‍ന്ന് ശിവസേനയുടെ ആ സ്വപ്‌നവും പൊലിഞ്ഞിരിക്കുകയാണ്.

56 അംഗങ്ങള്‍ മാത്രമുള്ള ശിവസേനയുടെ പിന്തുണ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എന്‍.സി.പിയ്ക്ക് ലഭിച്ചാല്‍ പുതിയ സര്‍ക്കാര്‍ നിലവില്‍വരും. എന്‍.സി.പി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്സും തയ്യാറാണ്. അപ്പോഴും ഒരു പ്രശ്‌നം നിലവിലുണ്ട്, അതുശിവസേനയുടെ പിന്തുണ സ്വീകരിക്കുന്നതിനെചൊല്ലിയാണ്. ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളത് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിനാണ്. ഈ വിഭാഗം തന്നെയാണ് ശിവസേന സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിന് പാരവച്ചിരുന്നത്.

ശിവസേനയെ ഒപ്പംകൂട്ടണമെന്നും വേണ്ടന്നുമുള്ള രണ്ടഭിപ്രായം ഇരു പാര്‍ട്ടി നേതാക്കളിലും ശക്തമാണ്. ഈ പാര്‍ട്ടികളെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളാകട്ടെ ഭൂരിപക്ഷവും ശിവസേനയുമായി ധാരണയിലെത്തുന്നതിന് എതിരുമാണ്.

കടുത്ത മറാത്ത വാദവും ഹിന്ദുത്വ വാദവും പ്രത്യേയശാസ്ത്രമായി ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് ശിവസേന. ഈ പ്രത്യേയശാസ്ത്രത്തെ ഉള്‍ക്കൊള്ളാന്‍ സെക്യുലര്‍ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് ഒരിക്കലും കഴിയുകയില്ല. എന്‍.സി.പിയുടെ സെക്യുലര്‍ വോട്ടുകളെയും ഈ നീക്കം കാര്യമായി ബാധിക്കും.

ശിവസേനയുടെ പിന്തുണ വാങ്ങുന്നതോടെ ദേശീയ തലത്തില്‍ തന്നെ വലിയ വിലയാണ് കോണ്‍ഗ്രസ്സിനും എന്‍.സി.പിയ്ക്കും നല്‍കേണ്ടിവരിക.

കേന്ദ്ര അധികാരം ഉപയോഗിച്ച് രാമക്ഷേത്രം പണിയാതിരുന്നത് കഴിവ് കേടാണെന്ന് മുന്‍പ് തുറന്നടിച്ച നേതാവാണ് ഉദ്ധവ് താക്കറെ. മഹാക്ഷേത്രം പണിതിട്ടുമതി മഹാസര്‍ക്കാറെന്നതാണ് ഇപ്പോഴത്തേയും ശിവസേനയുടെ നിലപാട്.

ബാബറി മസ്ജിദ് തകര്‍ത്തത് അഭിമാനമായി കാണുകയും അതിന്റെ ക്രഡിറ്റ് ഏറ്റെടുക്കുകയും ചെയ്ത പാര്‍ട്ടി കൂടിയാണ് ശിവസേന. ഇത്തരമൊരു പാര്‍ട്ടിയെ ഭരണത്തില്‍ കൂട്ടുപിടിക്കുക വഴി സ്വന്തം വോട്ടര്‍മാരെയാണ് എന്‍.സി.പിയും കോണ്‍ഗ്രസ്സും ചതിക്കുന്നത്. എന്‍.സി.പിയെ സംബന്ധിച്ച് രാജ്യത്തെ അവരുടെ ഏക മന്ത്രി സ്ഥാനവും ഇതോടെ തെറിക്കും.

കേരള മന്ത്രിസഭയിലെ എന്‍.സി.പി പ്രതിനിധി എ.കെ ശശീന്ദ്രനെ പുറത്താക്കാതെ ഇടതുപക്ഷത്തിനും മുന്നോട്ട് പോകാന്‍ കഴിയുകയില്ല. ഇത് കേരള ഘടകം എന്‍.സി.പിയിലും പിളര്‍പ്പിനാണ് വഴിമരുന്നിടുക.

സി.പി.എമ്മിന്റെ കരുണകൊണ്ട് മാത്രമാണ് കേരളത്തില്‍ അവര്‍ക്ക് മന്ത്രി സ്ഥാനം ലഭിച്ചത്. മൂന്ന് എം.എല്‍.എമാരാണ് എന്‍.സി.പിക്ക് ഇവിടെ ഉള്ളത്. തോമസ് ചാണ്ടി, എ.കെ ശശീന്ദ്രന്‍ , മാണി സി കാപ്പന്‍ എന്നിവരാണിവര്‍. പലപ്പോഴും വിവാദങ്ങളിലൂടെ ഇടതുപക്ഷത്തിന് തലവേദന സൃഷ്ടിച്ച നേതാക്കളാണ് മൂന്നുപേരും.

അതുകൊണ്ട് തന്നെ എന്‍.സി.പിയെ മുന്നണിയില്‍ നിന്നും പുറത്താക്കാന്‍ സി.പി.എമ്മിനെ സംബന്ധിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യംപോലുമില്ല.

കോണ്‍ഗ്രസ്സിനെ മെരുക്കാമെന്ന ശരദ് പവാറിന്റെ ഉറപ്പിലാണ് സകല കളികളും ശിവസേന മഹാരാഷ്ട്രയില്‍ കളിക്കുന്നത്. എന്നാല്‍ ഗവര്‍ണറുടെ നിലപാടോടെ ഈ പ്രതീക്ഷ തകരുകയായിരുന്നു.

ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കുക എന്നത് മാത്രമാണ് ഉദ്ധവ് താക്കറെയുടെ ലക്ഷ്യം. ഒരു അച്ഛന് മകനോടുള്ള സ്നേഹം എന്നതിലുപരി ശിവസേനയുടെ നിലനില്‍പ്പ് കൂടിയാണ് ഇവിടെ ഉദ്ധവ് താക്കറെ ലക്ഷ്യമിട്ടിരുന്നത്. ഇനിയിതെല്ലാം ഒരു സ്വപ്‌നം മാത്രമാകും.

ഒരിക്കല്‍ കൂടി മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായാല്‍ ശിവസേനയുടെ അടിവേര് ഇളകുമെന്ന് ഉദ്ധവ് താക്കറെ ഭയക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ബദല്‍ സര്‍ക്കാരിനിപ്പോള്‍ ശിവസേന മുതിര്‍ന്നിരിക്കുന്നത്.

ബി.ജെ.പി 105, ശിവസേന 56, എന്‍.സി.പി 54, കോണ്‍ഗ്രസ്സ് 44 എന്നിങ്ങനെയാണ് മഹാരാഷ്ട്രയിലെ കക്ഷിനില. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളില്ലന്ന് ബി.ജെ.പി പ്രഖ്യാപിച്ചതിനാല്‍ സ്വതന്ത്രരുടെ ഉള്‍പ്പെടെ പിന്തുണയും എന്‍.സി.പിയും ശിവസേനയും നിലവില്‍ പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം ഗാലറിയിലിരുന്ന് കളി കാണുക എന്നത് മാറ്റി എന്‍.സി.പി-ശിവസേന കൂട്ടുകെട്ട് വിശ്വാസ വോട്ട് നേടുന്നത് തടയാനാണ് ബി.ജെ.പി നിലവില്‍ ശ്രമിക്കുന്നത്. ഇതിനായി പ്രതിപക്ഷ പാര്‍ട്ടി എം.എല്‍.എമാരില്‍ ഭിന്നിപ്പുണ്ടാക്കാനാണ് നീക്കം നടക്കുന്നത്. കേന്ദ്ര ഭരണ ‘പവര്‍’ ഇതിനായി ബി.ജെ.പി ശരിക്കും ഉപയോഗപ്പെടുത്തുന്നുമുണ്ട്. മഹാരാഷ്ട്രയില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പാണ് ബി.ജെ.പി ആത്യന്തികമായി ആഗ്രഹിക്കുന്നത്.

ബി.ജെ.പി-ശിവസേന സഖ്യത്തിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ജനങ്ങള്‍ വിധിയെഴുതിയിട്ടും അത് നടക്കാത്തതാണ് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങള്‍ പ്രചരണമാക്കി ഒറ്റക്ക് മഹാരാഷ്ട്ര ഭരണം പിടിക്കാനാണ് കരുനീക്കം.

എന്‍.സി.പി, കോണ്‍ഗ്രസ്സ് പാര്‍ട്ടികളെ ശിവസേന പിന്തുണയ്ക്കുന്നത് അവരുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നുണ്ട്.

30 വര്‍ഷമായി തുടരുന്ന ശിവസേന സഖ്യം അവസാനിച്ചതോടെ ഇനി ശിവസേനയെ പാഠം പഠിപ്പിക്കണമെന്നത് മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗമായപ്പോള്‍ പോലും മോദിയെയും അമിത് ഷായെയും വിമര്‍ശിക്കുന്ന നിലപാടാണ് ഉദ്ധവ് താക്കറെ സ്വീകരിച്ചിരുന്നത്.

ശിവസേനയെ അനുനയിപ്പിക്കാന്‍ മോദിയും അമിത് ഷായും രംഗത്തിറങ്ങാത്തതിന് ഒരു പ്രധാന കാരണവും ഇതാണ്. ശിവസേനയെ ശരിക്കും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും മടുത്തു എന്നതാണ് യാഥാര്‍ത്ഥ്യം.

ആര്‍.എസ്.എസ് ദേശീയ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനമായതിനാല്‍ മോഹന്‍ ഭാഗവതിന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായി. ആര്‍.എസ്.എസ് നേതൃത്വത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി ഫഡ്‌നാവിസിന് എളുപ്പത്തില്‍ കഴിഞ്ഞിട്ടുണ്ട്.

വീണ്ടുമൊരു തിരഞ്ഞെടുപ്പ് വന്നാല്‍ വലിയ ഭൂരിപക്ഷത്തിന് ഒറ്റയ്ക്ക് അധികാരത്തില്‍ വരാന്‍ കഴിയുമെന്ന ഉറപ്പാണ് പരിവാര്‍ നേതൃത്വത്തിന് ഫഡ്‌നാവിസ് നല്‍കിയിരിക്കുന്നത്.

രാജ്യത്തെ വ്യാവസായിക തലസ്ഥാനമായ മുംബൈയുടെ സാമ്പത്തിക സ്രോതസ്സ് കൈവിടാന്‍ ബി.ജെ.പി ഒട്ടും ആഗ്രഹിക്കുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം. ഈ ‘കലവറയില്‍’ കണ്ണുവച്ച് തന്നെയാണ് പ്രതിപക്ഷവും ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്.

സാമ്പത്തികമായി തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ നിന്നും കരകയറാന്‍ ഇതൊരു സുവര്‍ണ്ണാവസരമായി ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കളും കാണുന്നുണ്ട്. അതുകൊണ്ടാണ് സോണിയയെ അനുനയിപ്പിക്കാന്‍ ദേശീയ നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. ബി.ജെ.പിയെ ഒഴിവാക്കിയുള്ള സര്‍ക്കാരില്‍ ഭാഗമാകാമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ സോണിയ ഗാന്ധിക്ക് കത്തും നല്‍കിയിട്ടുണ്ട്. പവാറിന്റേയും നോട്ടം ‘പവര്‍ മണി’യില്‍ തന്നെയാണ്.

അധികാരകൊതിയില്‍ മറാത്ത രാഷ്ട്രീയം ഇങ്ങിനെ തിളച്ചുമറിയുമ്പോള്‍ ചങ്കിടിക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് കൂടിയാണ്. ശിവസേന പിന്തുണയ്ക്കുന്ന സര്‍ക്കാരിന്റെ ഭാഗമായാല്‍ ഒപ്പമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍കൂടി കൈവിട്ടുപോകുമോയെന്ന ആശങ്കയിലാണ് കെ.പി.സി.സി നേതൃത്വം. എന്‍.സിപിയെ മുന്നണിയില്‍ നിന്നും പുറത്താക്കി ഇക്കാര്യത്തിലും സി.പി.എം നേട്ടം കൊയ്യുമെന്ന ഭീതിയാണ് കോണ്‍ഗ്രസ്സ് നേതാക്കളെ പ്രധാനമായും അലട്ടുന്നത്.

Express View

Top