UPA സര്‍ക്കാരിന് വിമര്‍ശനം; ധവളപത്രം അവതരിപ്പിച്ചത് ബോധ്യത്തോടെ, നിര്‍മല സീതാരാമന്‍

യുപിഎ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍. ധവളപത്രം അവതരിപ്പിച്ചത് ഉത്തമ ബോധ്യത്തോടെയാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. വസ്തുതകള്‍ക്ക് നേരെ കണ്ണടക്കാനാകില്ലെന്നും പത്തു വര്‍ഷം കൊണ്ട് രാജ്യം നേടിയത് ജനങ്ങള്‍ അറിയണമെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷവും നരേന്ദ്ര മോദി സര്‍ക്കാരിന്റെ പത്തുവര്‍ഷക്കാലത്തെയും വിലയിരുത്തലാണ് ധവളപത്രത്തില്‍ വിശദീകരിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ധനവിനിയോഗത്തില്‍ കെടുകാര്യസ്ഥതയ്ക്കുണ്ടായി എന്നതിന് തെളിവുകള്‍ കണക്കുകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ലോകാത്താകെയുണ്ടായ സാമ്പത്തിക മാന്ദ്യമാണ് യുപിഎ സര്‍ക്കാര്‍ ആ കാലഘട്ടത്തില്‍ ചൂണ്ടിക്കാട്ടിയത്. അങ്ങനെയാണെങ്കില്‍ രാജ്യത്തുണ്ടായ അഴിമതി സാമ്പത്തികമാന്ദ്യത്തിന്റെ ഭാഗമാണോ എന്ന് ധനമന്ത്രി ഉന്നയിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസ് അടക്കമുള്ള അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി സഭയില്‍ സംസാരിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏതെങ്കിലും അഴിമതി ഉണ്ടായിട്ടുണ്ടോ എന്ന് പ്രതിപക്ഷം പറയണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. സാമ്പത്തിക പിടിപ്പുകേടും അച്ചടക്കമില്ലായ്മയും വ്യാപക അഴിമതിയും യുപിഎ ഭരണകാലത്തുണ്ടായി എന്നാണ് ധവളപത്രത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിക്കുന്നത്.

Top