യു.പി.എ സര്‍ക്കാര്‍ പാവങ്ങളുടെ സബ്‌സിഡി ചൂഷണം ചെയ്തു, ഹിമാചല്‍ മാറ്റം ആഗ്രഹിക്കുന്നു ; മോദി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ബി.ജെ.പിയുടേത് മാത്രമായി മാറുമെന്നും കോണ്‍ഗ്രസ് യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടേണ്ടി വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഹിമാചലിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും, ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഹിമാചല്‍പ്രദേശിലെ യുനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

മുന്‍ യു.പി.എ സര്‍ക്കാര്‍ 57000 കോടിയുടെ പാവങ്ങള്‍ക്കുള്ള സബ്‌സിഡിയാണ് ചൂഷണം ചെയ്തതെന്നും, സബ്‌സിഡിയുടെ പേരില്‍ അവര്‍ ഖജനാവ് കൊള്ളയടിക്കുകയായിരുന്നുവെന്നും, ഇത്തരത്തിലുള്ള കൊള്ള തടയുക എന്നതാണ് ബി.ജെ.പി യുടെ ലക്ഷ്യമെന്നും, പക്ഷെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അത് സഹിക്കുന്നില്ല, അതുകൊണ്ടാണ് അവര്‍ തന്നെ ആക്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മാത്രമല്ല, കറന്‍സി നിരോധനം ചിലര്‍ക്ക് തിരിച്ചടിയായിട്ടുണ്ടെന്നും, അവരാണ് നവംബര്‍ എട്ട് കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും മോദി ആരോപിച്ചു.

കള്ളപ്പണം വെളിച്ചത്ത് കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും, നോട്ട് നിരോധനത്തിലൂടെയാണ് അത് സാധ്യമായതെന്നും മോദി പറഞ്ഞു.

Top