യുപിയില്‍ ബിജെപി വിട്ട രണ്ട് മന്ത്രിമാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍ നിന്നും രാജിവെച്ച രണ്ട് മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സെയ്‌നി എന്നിവര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുത്ത ചടങ്ങിലാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ സ്ഥാനം രാജിവെച്ച് എസ്പിയില്‍ ചേര്‍ന്നത്. രാജിവെച്ച ബിജെപി എംഎല്‍എമാരായ റോഷന്‍ ലാല്‍ വെര്‍മ, ബ്രിജേഷ് പ്രജാപതി, മുകേഷ് വര്‍മ, വിനയ് ശാക്യ, ഭഗവതി സാഗര്‍ എന്നിവരും എസ്പിയില്‍ ചേര്‍ന്നു.

”ബിജെപിയുടെ അന്ത്യത്തിനായി കാഹളം മുഴങ്ങി. ബിജെപി രാജ്യത്തെയും യുപിയിലെയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, കണ്ണില്‍ പൊടിയിട്ട് ചൂഷണം ചെയ്തു. ഇനി ഇത് അനുവദിക്കരുത്. ഉത്തര്‍പ്രദേശിനെ ബിജെപിയുടെ ചൂഷണത്തില്‍ നിന്ന് മോചിപ്പിക്കണം” ചടങ്ങില്‍ സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ് എസ്പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദലിതുകളുടെയും മറ്റ് പിന്നോക്കക്കാരുടെയും താല്‍പര്യം സംരക്ഷിക്കും. യുപിയുടെ അടുത്ത മുഖ്യമന്ത്രിയായി അഖിലേഷ് യാദവാകും. 2024ലെ പ്രധാനമന്ത്രിയെയും ഞങ്ങള്‍ തീരുമാനിക്കുമെന്നും മൗര്യ പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഒബിസി വിഭാഗത്തില്‍ സ്വാധീനമുള്ള നേതാവ് സ്വാമി പ്രസാദ് മൗര്യ മന്ത്രി സ്ഥാനം രാജിവെച്ച് ബിജെപി വിട്ടത്. തൊട്ടുപിന്നാലെ രണ്ട് മന്ത്രിമാരടക്കം ഒമ്പത് എംഎല്‍എമാര്‍ ബിജെപി വിട്ടു. ധരം സിങ് സെയ്‌നി, ദാരാ സിങ് ചൗഹാന്‍ എന്നിവരാണ് രാജിവെച്ച മറ്റ് മന്ത്രിമാര്‍.

Top