അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താന്‍ ഉത്തരവിട്ട് യു.പി സര്‍ക്കാര്‍

ലക്‌നൗ: അസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതിന് തൊട്ടുപിന്നാലെ നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍. സംസ്ഥാനത്തെ അനധികൃത വിദേശികളെ കണ്ടെത്തി നാടുകടത്താനാണ് യുപി സര്‍ക്കാരിന്റെ നീക്കം.

ബംഗ്ലാദേശികളെയും മറ്റ് വിദേശികളെയും കണ്ടെത്തി പട്ടിക സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. വിദേശീയരെ കണ്ടെത്തി നാടുകടത്തുന്നത് സംസ്ഥാന സുരക്ഷയുടെ ഭാഗമായാണെന്നാണ് അധികൃതരുടെ വിശദീകരണം.

യാത്രാ കേന്ദ്രങ്ങളും ചേരികളും റോഡരികിലെ താമസക്കാരേയും നിരീക്ഷിക്കാനും രേഖകളില്ലാത്തവരെ എത്രയും പെട്ടെന്ന് കണ്ടെത്താനുമാണ് നിര്‍ദേശം. വിദേശികളെ കണ്ടെത്താന്‍ മറ്റ് വകുപ്പുകളുടെ സഹായവും പൊലീസ് തേടി. വിദേശീയര്‍ക്ക് വ്യാജ പൗരത്വ രേഖകള്‍ നിര്‍മിച്ച് നല്‍കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ടെത്താനും ഉത്തരവിട്ടു.

അസമില്‍ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത് വലിയവിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആഗ്സറ്റ് 31ന് പ്രസിദ്ധീകരിച്ച അസം ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ 3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടപ്പോള്‍ 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു.

Top