യുപി വലിയ സംസ്ഥാനമെന്ന് ആംആദ്മി , വിഭജന ചര്‍ച്ചകള്‍ സജീവമാകുന്നു

kejriwal

ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പ് സജീവമാകുമ്പോള്‍ വിഭജന ചര്‍ച്ചകള്‍ ചൂടു പിടിക്കുകയാണ് ഉത്തര്‍പ്രദേശില്‍. വളരെ വലിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്നും അതിനാല്‍ ഭരണം വലിയ ബുദ്ധിമുട്ടാണെന്നും ആംആദ്മി പാര്‍ട്ടി ആരോപിച്ചു. 80 ലോക്‌സഭാ സീറ്റുകളാണ് യുപിയില്‍ ഉള്ളത്.

‘ഉത്തര്‍ പ്രദേശ് വളരെ വലിയ സംസ്ഥാനമാണ്. ജനസംഖ്യയുടെ കാര്യത്തിലും സംസ്ഥാനം മുന്നിട്ടു നില്‍ക്കുന്നു. ഇത്ര വലുപ്പമുള്ള സംസ്ഥാനം ഭരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.’ ആം ആദ്മി പാര്‍ട്ടി വക്താവ് സഞ്ചയ് സിംഗ്‌ പറഞ്ഞു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിഭജനത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, സാമ്പത്തിക വളര്‍ച്ചക്കും എല്ലാം ചെറിയ സംസ്ഥാനമാണ് എപ്പോഴും നല്ലത്. ഉത്തര്‍പ്രദേശില്‍ വികസന മുരടിപ്പാണുള്ളത്. സ്‌കൂളുകള്‍ പോലും പലയിടത്തുമില്ല. സോന്‍ഭദ്ര ജില്ലയില്‍ നിന്നാണ് ഏറ്റവും വരുമാനമുള്ളത്. എന്നാല്‍ അവിടെ അനുസൃതമായ വികസനം നടക്കുന്നില്ല. മികച്ച റോഡ് സൗകര്യം പോലും അവിടെയില്ല. യു.പിയെ നാല് സംസ്ഥാനങ്ങളായി വിഭജിക്കണമെന്നും സിംഗ് അഭിപ്രായപ്പെട്ടു.

ബുന്‍ഡേല്‍ഖന്ദ്, പൂര്‍വ്വാചല്‍, പശ്ചിമ ക്ഷേത്ര തുടങ്ങിയിടങ്ങളിലെ ആളുകളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് വിഭജനമെന്ന് മുതിര്‍ന്ന ആംആദ്മി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

അരവിന്ദ് കെജ്‌രിവാളും ഇതേ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. ഇത് രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും വളരെ നാളുകളായുള്ള ജനങ്ങളുടെ ആവശ്യമാണിതെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ഒരിക്കല്‍ വിഭജനം എന്ന ആശയവുമായി മുന്നോട്ട് വന്നിരുന്നു.

ഭരണഘടനാ ശില്പി ഡോ.ബി.ആര്‍ അംബേദ്ക്കറും അദ്ദേഹത്തിന്റെ ‘ഭാഷയി രാജ്യ’ എന്ന പുസ്തകത്തില്‍ ഉത്തര്‍പ്രദേശിന്റെ വിഭജനത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

2007ലാണ് മായാവതി വിഭജനം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും അന്ന് ഇതേ ആശയത്തോട് യോജിച്ചു. എന്നാല്‍ 2012ല്‍ മായാവതിക്ക് അധികാരം നഷ്ടമായി. അതോടെ ആ ചര്‍ച്ചകളും അവിടെ അവസാനിച്ചു.

വാജ്‌പേയി മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ യുപി, ബീഹാര്‍, മധ്യപ്രദേശ് എന്നിവയില്‍ നിന്നും ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഖണ്ഡ് എന്നിവ വേര്‍തിരിച്ചു. രാഷ്ട്രീയ ലോക്ദള്‍, ജന്‍ ക്രാന്തി പാര്‍ട്ടി, രാഷ്ട്രീയ ലോക് മഞ്ച്, പീസ് പാര്‍ട്ടി തുടങ്ങിയവയെല്ലാം സമാനമായ ആശയങ്ങളുമായി രംഗത്തെത്തിയവരാണ്.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വളരെപ്പെട്ടെന്നാണ് വിഭജന ചര്‍ച്ചകള്‍ ശക്തി പ്രാപിച്ചത്. 250 ആളുകള്‍ തല മുണ്ഡനം ചെയ്ത് ബുന്ധേല്‍ഖന്തിന്റെ വികസനത്തിന് വേണ്ടി പ്രകടനം നടത്തിയിരുന്നു. അവരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു വിഭജനം.

പ്രത്യേക ബുന്ധേല്‍ഖന്ത് സംസ്ഥാനം എന്ന വാഗ്ദാനം ബിജെപി മറന്നുപോയെന്ന് സാമൂഹ്യ സംഘടനയായ ബുന്ധേലി സമാജിന്റെ കണ്‍വീനര്‍ താരാ പട്കര്‍ ആരോപിച്ചു.

Top