ആപ്പിൾ ഉത്പന്നങ്ങൾക്ക് പതിനായിരം രൂപ വരെ ഇപ്പോൾ ഡിസ്കൗണ്ട്; ഫെസ്റ്റീവ് സീസൺ തുടക്കമായി

ഫോൺ 15 ഉൾപ്പെടെ ആപ്പിളിന്റെ വിവിധ ഉത്പന്നങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം നൽകുന്ന ഫെസ്റ്റീവ് സീസൺ വിൽപനയ്ക്ക് തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് പതിനായിരം രൂപ വരെ ഇപ്പോൾ ഡിസ്കൗണ്ട് ലഭിക്കും. ഇതിന് പുറമെ ഫെസ്റ്റീവ് സീസൺ സെയിൽ സമയത്ത് പഴയ ഐഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 6000 രൂപയുടെ അധിക വിലക്കുറവും കമ്പനി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഫെസ്റ്റീവ് സീസണിലെ എക്സ്ചേഞ്ച് ഓഫറിന് പുറമെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് വേറെയും ഇളവ് ലഭിക്കും.

ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയ്ക്ക് 6000 രൂപയുടെ വിലക്കുറവാണ് ലഭിക്കുക. ഐഫോൺ 15, ഐഫോൺ പ്ലസ് എന്നിവയ്ക്ക് 5000 രൂപയും ഇളവ് ലഭിക്കും. ഐഫോൺ 14ന് 4000 രൂപയും ഐഫോൺ 13ന് 3000 രൂപയും ഐഫോൺ എസ്.ഇക്ക് (2022) 2000 രൂപയും ഇളവ് കിട്ടും. ഈ ഡിസ്കൗണ്ടുകൾ എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമാണെന്ന് ആപ്പിൾ വെബ്‍സൈറ്റിൽ നൽകിയിട്ടുള്ള അറിയിപ്പ് പറയുന്നു. ഐഫോണുകൾക്ക് 67,800 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിൾ വാച്ച് അൾട്രാ 2ന് 5000 രൂപ ഇളവ് ലഭിക്കും. ആപ്പിൾ വാച്ച് സീരിസ് 9നും സെക്കന്റ് ജനറേഷൻ ആപ്പിൾ ജനറേഷൻ ആപ്പിൾ വാച്ച് എസ്.ഇ എന്നിവയ്ക്ക് നാലായിരം രൂപയും രണ്ടായിരം രൂപയും ഇളവ് നൽകുന്നുണ്ട്. ആപ്പിൾ ഹോം പാഡും രണ്ടാം ജനറേഷൻ എയർപോഡ്സ് പ്രോയും 2000 രൂപ ഇളവിലും ഇപ്പോൾ വാങ്ങാം.

എം2 ചിപ്പോടു കൂടിയ 13 ഇഞ്ച്, 15 ഇഞ്ച് മാക് ബുക്ക് എയറിനും മാക് സ്റ്റുഡിയോക്കും 13 ഇഞ്ച് മാക് ബുക്ക് പ്രോയ്ക്കും മറ്റ് വലിയ മോഡലുകൾക്കും 10,000 രൂപ വിലക്കുറവാണ് ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ എം1 ചിപ്പോടു കൂടിയ മാക് ബുക്ക് എയറിന് 8000 രൂപയും 24 ഇഞ്ച് ഐ മാകിന് 5000 രൂപയും മാക് മിനിക്ക് 5000 രൂപയും ഇളവും ലഭിക്കും. 11 ഇഞ്ച്, 12.9 ഇഞ്ച് ഐപാഡ് പ്രോ മോഡലുകൾക്കും ഐപാഡ് എയർ മോഡലുകൾക്കും 5000 രൂപയുടെ വിലക്കുറവ് കിട്ടും. ഒൻപതാം ജനറേഷൻ ഐപാഡിന് 3000 രൂപയും, പത്താം ജനറേഷൻ ഐ പാഡിന് 4000 രൂപയുമായിരിക്കും ഇളവ്. ഐപാഡ് മിനിയ്ക്ക് 3000 രൂപ ഇളവ് കിട്ടും.

 

Top