സഹോദരിമാരെ കാണാതായി മണിക്കൂറുകള്‍ക്കു ശേഷം മൃതദേഹങ്ങള്‍ കണ്ടെത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പിലിബിത്ത് ജില്ലയില്‍ സഹോദരിമാരെ കാണാതായി മണിക്കൂറുകള്‍ക്കു ശേഷം മൃതദേഹങ്ങള്‍ കണ്ടെത്തി. കുടുംബാംഗങ്ങളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. 18, 20 വയസ് പ്രായമുള്ള സഹോദരിമാരെ തിങ്കളാഴ്ച രാത്രി ഏഴു മുതല്‍ കാണാതായിരുന്നു.

തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുമൃതദേഹങ്ങളിലും പരുക്കേറ്റ പാടുകളുണ്ടെന്നും എന്നാല്‍ ലൈംഗീക അതിക്രമം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നും പിലിബിത്ത് പൊലീസ് മേധാവി ജയ്പ്രകാശ് അറിയിച്ചു. തിരച്ചില്‍ ആരംഭിച്ചതിനു പിന്നാലെ തന്നെ ഒരാളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും പൊലീസീനെ അറിയിച്ചില്ലെന്ന് പൊലീസ് പറയുന്നു.

രണ്ടാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുകയും മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ചൊവ്വാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു. ആദ്യ മൃതദേഹം കണ്ടെത്തിയതിനു സമീപം തന്നെയാണ് രണ്ടാമത്തെ മൃതദേഹവും. തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചതെന്നും പൊലീസ് പറയുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആദ്യത്തെ മൃതദേഹത്തിനു സമീപത്തു നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.

Top