അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ 51,000 രൂപ സംഭാവന

യോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ 51,000 രൂപ സംഭാവന നല്‍കി ഉത്തര്‍പ്രദേശ് ഷിയാ സെന്‍ഡ്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ ബോര്‍ഡ് അനുകൂലിക്കുന്നതായി റിസ്വി വ്യക്തമാക്കി. ദശകങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നല്‍കാവുന്നതില്‍ വെച്ച് ഏറ്റവും നല്ല വിധിയാണെന്ന് റിസ്വി കൂട്ടിച്ചേര്‍ത്തു.

അയോധ്യയില്‍ തര്‍ക്കം നിലനിന്നിരുന്ന ഭൂമിയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് വഴിയൊരുക്കിയാണ് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ഐക്യകണ്ഠമായി വിധി പുറപ്പെടുവിച്ചത്. അയോധ്യയില്‍ പള്ളി നിര്‍മ്മിക്കാനായി സുന്നി വഖഫ് ബോര്‍ഡിന് മറ്റൊരു അഞ്ചേക്കര്‍ ഭൂമി അനുവദിക്കാനും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.

‘രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു. രാമ ഭഗവാന്‍ നമ്മുടെ എല്ലാവരുടെയും പൂര്‍വികനാണ്, മുസ്ലീങ്ങളുടേത് ഉള്‍പ്പെടെ. ക്ഷേത്ര നിര്‍മ്മാണത്തിനായി രാം ജന്മഭൂമി ന്യാസിന് വസീം റിസ്വി ഫിലിംസിന്റെ പേരില്‍ 51,000 രൂപ സംഭാവന നല്‍കുകയാണ്’, റിസ്വി വ്യക്തമാക്കി.

ക്ഷേത്രം എപ്പോള്‍ നിര്‍മ്മിച്ചാലും ഷിയാ വഖഫ് ബോര്‍ഡ് നിര്‍മ്മാണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള രാമഭക്തന്‍മാരുടെ അഭിമാനകരമായ വിഷയമാണ്, റിസ്വി പറഞ്ഞു

Top