ഉത്തര്‍പ്രദേശിലെ സന്യാസികള്‍ക്ക് വയോജന പെന്‍ഷന്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായ് യോഗി

yogi

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സന്യാസികള്‍ക്ക് വയോജന പെന്‍ഷന്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് സന്യാസികള്‍ക്ക് ഗ്രാന്റ് പെന്‍ഷന്‍ നല്‍കാനൊരുങ്ങുന്നത്. ഉത്തര്‍പ്രദേശിലെ 60 വയസു പിന്നിട്ട സന്യാസികള്‍ക്ക് പെന്‍ഷന്‍ നല്‍കാനാണ് യോഗിയുടെ നീക്കം. സംസ്ഥാനത്ത് നിലവിലുള്ള മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നാണ് സന്യാസികള്‍ക്കും പെന്‍ഷന്‍ നല്‍കുക.

ജനുവരി 30 വരെ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ച് സന്യാസികളം പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി. ഇത്തരം ക്യാംപുകള്‍ സന്യാസികള്‍ക്ക് ഉപകാരപ്രദമാകുമെന്നും യോഗി ആദിത്യനാഥ് പറയുന്നു. പ്രയാഗ് രാജില്‍ കുംഭമേള നടക്കുന്നതിനിടയിലാണ് യോഗി ഇത്തരത്തില്‍ ഒരു പ്രസ്ഥാവനയിറക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് പ്രയാഗ് രാജ് കുംഭമേളയില്‍ ലക്ഷക്കണക്കിന് സന്യാസികളാണ് പങ്കെടുക്കുന്നത്.

മുന്‍വര്‍ഷങ്ങളില്‍ 400 രൂപയായിരുന്നു ഉത്തര്‍പ്രദേശിലെ പെന്‍ഷന്‍ തുക. യോഗി ആദിത്യനാഥ് അത് 500 ആയി ഉയര്‍ത്തിയിരുന്നു. ദരിദ്രരായ സ്ത്രീകള്‍ക്കും അംഗവൈകല്യം നേരിട്ടവര്‍ക്കും പെന്‍ഷന്‍ നല്‍കുന്നുണ്ട്. പെന്‍ഷന്‍ പദ്ധതിയില്‍ ഇതോടെ സന്യാസി സമൂഹവും ഉള്‍പ്പെടും.

യോഗിയുടെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗെത്തത്തിയിട്ടുണ്ട്. ഹിന്ദു അനുകൂലമായി മാത്രമാണ് ഭരിക്കുന്നതെന്നാണ്
ആരോപണം. യോഗി ആദിത്യനാഥിന്റേത് ഹിന്ദു പ്രീണനമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണിതെന്നും സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു.

Top