പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; പഞ്ചായത്തിനെതിരെ കേസ്

അലിഗഡ്: ഉത്തര്‍പ്രദേശില്‍ ക്രൂരബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പ്രതികള്‍ക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതതെന്നാണ് പൊലീസിന്റെ വിശദീകരണം. അലിഗഡിലെ ഡാഡണിലാണ് സംഭവം. പരാതിയുമായി ചെന്നപ്പോള്‍ പഞ്ചായത്തില്‍ നിന്ന് മോശം അനുഭവമാണുണ്ടായതെന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരി വെളിപ്പെടുത്തി.

പ്രതികളെയും പഞ്ചായത്ത് വിളിച്ച് വരുത്തി അടിച്ച ശേഷം അവരെ വെറുതെ വിടുകയായിരുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടി വീട്ടില്‍ വന്ന് ആത്മഹത്യ ചെയ്തത്. സംഭവമറഞ്ഞെത്തിയ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചുവെന്നും അലിഗഡ് പൊലീസ് സൂപ്രണ്ട് മുനിരാജ് എഎന്‍ഐയോട് പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടിയുടെ പരാതി കേട്ട ശേഷം ആവശ്യനടപടികള്‍ സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു.

Top