സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖര്‍ഗെയ്ക്കുമെതിരെ യുപി രാംപൂര്‍ പോലീസ് കേസെടുത്തു

ഡല്‍ഹി: സനാതന ധര്‍മ്മ പരാമര്‍ശത്തിനെതിരെ യുപിയില്‍ കേസ്. തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനും കോണ്‍ഗ്രസ് നേതാവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖര്‍ഗെയ്ക്കുമെതിരെയാണ് കേസ്. രാംപൂര്‍ പൊലീസാണ് കേസ് എടുത്തത്. ഹര്‍ഷ് ഗുപ്ത, റാം സിംഗ് ലോധി എന്നീ അഭിഭാഷകന്‍ നല്‍കിയ പരാതിയിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യപ്പെടേണ്ടതെന്ന ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം സാമുദായിക സംഘര്‍ഷവും മതസ്പര്‍ധയും ലക്ഷ്യം വച്ചെന്ന ആരോപണമാണ് ബിജെപിയും തീവ്രഹിന്ദുത്വ സംഘടനകളും ഉയര്‍ത്തുന്നത്. പരാമര്‍ശത്തിന് പിന്നാലെ ഉദയനിധിക്കെതിരെ കലാപാഹ്വാനവുമായി അയോദ്ധ്യയിലെ സന്യാസിയായ ജഗദ്ഗുരു പരമഹംസ ആചാര്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു ആഹ്വാനം. ഈ സാഹചര്യത്തില്‍ ഉദയനിധിയുടെ വീട്ടിലും ഔദ്യോഗിക വസതിയിലും കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ചെന്നൈയില്‍ വെച്ച് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശമാണ് ദേശീയ തലത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും’. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

Top