ജാതിരാഷ്ട്രീയത്തിന് അന്ത്യം കുറിക്കാന്‍ പ്രിയങ്ക, യു.പിയില്‍ അട്ടിമറിക്ക് സാധ്യത !

യുപിയില്‍ ജാതി രാഷ്ട്രീയത്തിന്റെ അന്ത്യംകുറിച്ച് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുക്കാന്‍ പ്രിയങ്കക്ക് കഴിയുമോ?. രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണിപ്പോള്‍ പ്രിയങ്കയെ. അടിയന്തിരാവസ്ഥയില്‍ പരാജിതയായി പ്രധാനമന്ത്രി പദം നഷ്ടമായിട്ടും 1980ലെ തെരഞ്ഞെടുപ്പില്‍ കൊടുങ്കാറ്റുപോലെ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിച്ച ഇന്ദിരാഗാന്ധിയോടാണ് പലരും പ്രിയങ്കയെ ഉപമിക്കുന്നത്. രൂപസാദൃശ്യത്തിലും ചടുലമായ നീക്കത്തിലും വാക്കിലുമെല്ലാം പ്രിയങ്ക, മുത്തശ്ശിയായ ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്നു.

കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുലിന് കരുത്തു പകര്‍ന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക യു.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ചുമതലയേല്‍ക്കുമ്പോള്‍ നെഞ്ചിടിപ്പേറുന്നത് ജാതിരാഷ്ട്രീയം പയറ്റുന്ന മായാവതിക്കും അഖിലേഷ് യാദവിനുമാണ്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയോടെ കോണ്‍ഗ്രസിന്റെ പിന്നില്‍ അടിയുറച്ചുനിന്ന ആദിവാസി, ദലിത്, ഒ.ബി.സി, മുസ്‌ലിം വോട്ടുബാങ്കുകള്‍ പങ്കിട്ടെടുത്താണ് യു.പിയില്‍ മായാവതിയും മുലായംസിങ് യാദവും ജാതി രാഷ്ട്രീയത്തിന് തുടക്കംകുറിച്ചത്.

തീവ്രഹിന്ദുത്വവുമായി ബി.ജെ.പിയും ജാതി രാഷ്ട്രീയവുമായി മായാവതിയും മുലായവും കളത്തിലിറങ്ങിയതോടെ 80 ലോക്‌സഭാംഗങ്ങളെ പാര്‍ലമെന്റിലേക്കയക്കുന്ന യു.പിയില്‍ കോണ്‍ഗ്രസ് നിഷ്പ്രഭമായി.

ഇത്തവണ കോണ്‍ഗ്രസിന് സീറ്റുകളൊന്നും നീക്കിവെക്കാതെ എസ്.പിയും ബി.എസ്.പിയും സഖ്യമായി അവഹേളിക്കുകയായിരുന്നു. ഭാവി പ്രധാനമന്ത്രിയായി മോഡിക്കെതിരെ രാഹുല്‍ഗാന്ധിയെ ഉയര്‍ത്തികാട്ടുന്ന കോണ്‍ഗ്രസിന് ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ യു.പി പിടിക്കണം. കേവലം രണ്ടു സീറ്റുകള്‍ മാത്രമുള്ള യു.പിയില്‍ കോണ്‍ഗ്രസിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള ചരിത്രനിയോഗമാണ് ഇനി പ്രിയങ്കക്കു മുന്നിലുള്ളത്.

രാഹുലിനു വേണ്ടി അമേഠിയിലും സോണിയക്കുവേണ്ടി റായ്ബറേലിയിലും മാത്രം പ്രചരണത്തിനിറങ്ങിയ ചരിത്രമുള്ള പ്രിയങ്ക ഇനി യു.പിയില്‍ പ്രചരണ നേതൃത്വമെറ്റെടുക്കുന്നതോടെ നരേന്ദ്രമോഡിയും പ്രതിരോധത്തിലാകും. പഴയവോട്ടുബാങ്ക് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചാല്‍ ജാതിരാഷ്ട്രീയം പയറ്റുന്നവര്‍ക്കും വന്‍തിരിച്ചടിയാകും.

പ്രിയങ്കക്കൊപ്പം മധ്യപ്രദേശില്‍ കോണ്‍ഗ്രസിനു ഭരണം നേടിക്കൊടുത്ത ഗ്വോളിയോര്‍ രാജകുമാരന്‍ ജ്യോതിരാധിത്യ സിന്ധ്യയും രാഷ്ട്രീയ തന്ത്രജ്ഞനായ ഗുലാംനബി ആസാദും എത്തുന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് യു.പിയില്‍ ആവേശം ഇരട്ടിക്കും.

യു.പിയില്‍ എല്ലാവരും കോണ്‍ഗ്രസിനെ എഴുതിതള്ളിയ 2009തില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രചരണ തേരോട്ടത്തില്‍ തനിച്ചു മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റുമായി മിന്നുന്ന മുന്നേറ്റമാണ് നടത്തിയിരുന്നത്.

ജാതി രാഷ്ട്രീയവുമായി സന്ധിചെയ്ത് അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നപ്പോഴാണ് 2014ല്‍ കേവലം രണ്ട് സീറ്റിലേക്ക് ഒതുങ്ങിയത്. അജിത്‌സിങിന്റെ രാഷ്ട്രീയ ലോക്ദളും മുലായംസിങ് യാദവിന്റെ ഇളയ സഹോദരന്‍ ശിവ്പാല്‍യാദവിന്റെ പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായി സഖ്യത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തമ്മില്‍പോരടിച്ചു നില്‍ക്കുന്ന എസ്.പിയും ബി.എസ്.പിയും സഖ്യമായാലും വിമതശല്യം ഉറപ്പാണ്. ഈ വിമതരിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

അതേസമയം, കാര്‍ഷിക പ്രശ്‌നങ്ങളുയര്‍ത്തി യു.പിയില്‍ പ്രക്ഷോഭയാത്രകള്‍ക്ക് കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. കാര്‍ഷികമേഖലയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രോഷം തിളച്ചു മറിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അനുകൂല വികാരം തരംഗമാക്കാന്‍ പ്രിയങ്കക്കു കഴിഞ്ഞാല്‍ അത് യുപിയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കും. . ഒപ്പം ഇന്ദ്രപ്രസ്ഥത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രധാനമന്ത്രി പദമേല്‍ക്കലിനും ചുവപ്പ് പരവതാനിയായിരിക്കും യുപി വിരിക്കുക.

Top