മുസ്ലിം വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം; അധ്യാപികക്കെതിരെ കടുത്ത നടപടിയുമായി യുപി പോലീസ്

ആഗ്ര: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി പൊലീസ്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ 2015ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ കര്‍ശനമായ സെക്ഷന്‍ 75 ചുമത്തി. മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. കഴിഞ്ഞ മാസം മുസാഫര്‍നഗറിലെ ഖുബ്ബാപൂര്‍ പ്രദേശത്തെ സ്‌കൂളിലാണ് വിവാദമായ സംഭവം നടന്നത്.

മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള കുട്ടിയെ മതം പറഞ്ഞ് അധിക്ഷേപിക്കുകയും സഹപാഠികളോട് മര്‍ദ്ദിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്താകമാനം പ്രതിഷേധമുയര്‍ന്നു. തുടര്‍ന്നാണ് അധ്യാപികക്കെതിരെ കേസെടുത്തത്. ഐപിസി സെക്ഷന്‍ 504, 323 എന്നിവ പ്രകാരമായിരുന്നു ആദ്യം കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 ഉള്‍പ്പെടുത്തി.

ജെജെ ആക്ടിലെ സെക്ഷന്‍ 75 പ്രകാരം കുറ്റാരോപിതനായ ഒരാള്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദിനേശ് ശര്‍മ്മ പറഞ്ഞു. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പ് ചേര്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, ഖതൗലി രവിശങ്കര്‍ മിശ്ര പറഞ്ഞു. വീഡിയോയില്‍ ത്യാഗി ആണ്‍കുട്ടിയെ ശാരീരികമായി ആക്രമിക്കാന്‍ മറ്റ് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതായി വ്യക്തമായെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top