പൗരത്വ നിയമ പ്രതിഷേധങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട്; സംഘടനയെ നിരോധിക്കണമെന്ന് യുപി പോലീസ്

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി സിംഗ്. ഡിസംബര്‍ 19ന് സംസ്ഥാനത്ത് നടന്ന പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ അക്രമാസക്തമായ പ്രതിഷേധങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് പോപ്പുലര്‍ ഫ്രണ്ട് ഇടപെടല്‍ കണ്ടെത്തിയിരുന്നു.

ഇതിന്റെ വെളിച്ചത്തിലാണ് സംഘടനയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് യുപി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്. പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളാണ് കനത്ത അക്രമത്തിലേക്ക് നീങ്ങിയത്. പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതോടെ ഇതിന്റെ വില പ്രതിഷേധക്കാരില്‍ നിന്നും ഈടാക്കുമെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ പോലീസും, പ്രതിഷേധക്കാരും ഏറ്റുമുട്ടി. നിരോധനാജ്ഞ നടപ്പാക്കിയാണ് പലയിടത്തും പ്രശ്‌നങ്ങള്‍ ഒഴിവാക്കിയത്. പ്രതിഷേധങ്ങളെ അക്രമത്തിലേക്ക് നയിച്ചത് പോപ്പുലര്‍ ഫ്രണ്ട് ഇടപെടല്‍ മൂലമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വസീം അഹമ്മദ് ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഉത്തര്‍പ്രദേശിലാണ് പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ ഏറ്റവും കൂടുതല്‍ അക്രമാസക്തമായത്. ഇതില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Top