ലഖ്‌നൗ ലുലു മാളിൽ നമസ്‌കരിച്ചവർക്കെതിരെ കേസെടുത്ത് യുപി പൊലീസ്

ഉത്തർപ്രദേശ് പൊലീസ് ലുലു മാളിൽ നമസ്‌കരിച്ച അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മാൾ പബ്ലിക് റിലേഷൻ മാനേജർ സിബ്‌തൈൻ ഹുസൈന്റെ പരാതിയെ തുടര്‍ന്ന് സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അജ്ഞാതർ അനുമതിയില്ലാതെ വന്ന് മാളിൽ നമസ്‌കരിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെ, വിശ്വാസികൾ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഹിന്ദുമഹാസഭ മാളിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

ശിക്ഷാ നിയമത്തിലെ 153 എ (1) (വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 295എ (മതവികാരം വ്രണപ്പെടുത്താനുള്ള പ്രവർത്തനം), 341 (തെറ്റായ നിയന്ത്രണം), 505 (പൊതുനാശത്തിന് കാരണമാകുന്ന പ്രസ്താവന നടത്തൽ) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നമസ്‌കാരത്തിൽ മാൾ ജീവനക്കാരോ മാനേജ്‌മെന്റോ ഉൾപ്പെട്ടതായി അറിവില്ലെന്ന് പൊലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ നമസ്‌കാരത്തിന് വിലക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Top