‘മാധ്യമപ്രവര്‍ത്തനത്തിന് പുല്ലുവില’; യുപി പൊലീസിന്റെ കാടത്തം തുറന്നു പറഞ്ഞ് മാധ്യമ പ്രവര്‍ത്തകന്‍

ലഖ്‌നൗ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം മലയാളികളായ മാധ്യമപ്രവര്‍ത്തകരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അതിന് പിന്നാലെ  യുപിയിലെ സാമൂഹ്യപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എന്നാല്‍ കസ്റ്റഡിയില്‍ ആയവര്‍ എവിടേ ആണെന്നതിനെ കുറിച്ച് ആര്‍ക്കും വിവരമില്ല. ഇതിനിടെ പൊലീസില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറയുകയാണ് മാധ്യമപ്രവര്‍ത്തകനായ ഒമര്‍ റാഷിദ്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അനുഭവം വെളിപ്പെടുത്തിയത്.

‘ദ ഹിന്ദു ന്യൂസ് പേപ്പറി’ന്റെ ഉത്തര്‍പ്രദേശ് കറസ്‌പോണ്ടന്റാണ് ഒമര്‍ റാഷിദ്. റിപ്പോര്‍ട്ട് ചെയ്യാനുള്ള വാര്‍ത്ത തയ്യാറാക്കുകയായിരുന്ന റാഷിദിനും കൂട്ടുകാര്‍ക്കുമിടയിലേക്ക് യൂണിഫോമിലല്ലാത്ത ഒരു സംഘം ആളുകള്‍ എത്തുകയായിരുന്നു.

” ഹോട്ടലില്‍ ആരുടെയോ വൈഫൈ ഉപയോഗിക്കുകയായിരുന്നു ഞാന്‍. പെട്ടന്ന് സാധാരണ വസ്ത്രം ധരിച്ച് നാലോ അഞ്ചോ പേര്‍ എത്തി. അവര്‍ എന്റെ സുഹൃത്തിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. അവനോട് സ്വയം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു. എന്നോടും എന്നെ പരിചയപ്പെടുത്താന്‍ പറഞ്ഞു. പിന്നീട് അവര്‍ അവനെ പിടിച്ച് ജീപ്പിലാക്കി. എന്നോടും ജീപ്പിലേക്ക് കയറാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് അവരെ അറിയിച്ചു. എന്നാല്‍ അവര്‍ നിര്‍ബന്ധം പിടിച്ചു, ഞാന്‍ അവരുടെ കൂടെ ചെല്ലണം എന്ന്” – ഒമര്‍ റാഷിദ് പറഞ്ഞു.

”അവര്‍ ഞങ്ങളെ ലോക്കപ്പിലടച്ചു. എന്റെ ഫോണടക്കം കയ്യിലുണ്ടായിരുന്ന വസ്തുക്കളെല്ലാം പിടിച്ചുവാങ്ങി. എന്റെ സുഹൃത്തിനെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. അവനെ ചോദ്യം ചെയ്ത പൊലീസ് യുപിയിലെ ആക്രമണങ്ങളില്‍ അവന് പങ്കുണ്ടെന്ന് പറഞ്ഞു. ആക്രമണങ്ങളിലെ പ്രധാന സൂത്രധാരനാണ് ഞാനെന്നും അവര്‍ ആരോപിച്ചു. കാശ്മീരില്‍നിന്നെത്തി ഇവിടെ ആക്രമണങ്ങളില്‍ പങ്കെടുക്കുന്ന ചിലരെ കുറിച്ച് അവരെന്നോട് ചോദിച്ചു. ഞാന്‍ അവരോട് എന്തെങ്കിലും ചോദിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അവരെന്നോട് നിശബ്ദമാകാന്‍ ആജ്ഞാപിച്ചു. അവരെന്നോട് ആവര്‍ത്തിച്ച് പറഞ്ഞു, മാധ്യമപ്രവര്‍ത്തനം മറ്റെവിടെയെങ്കിലും കൊണ്ടുക്കളയാന്‍, അവരത് കാര്യമാക്കുന്നില്ലെന്ന്. അവരുടെ പക്കല്‍ എനിക്കെതിരെയുള്ള തെളിവുകളുമുണ്ടെന്നും അവര്‍ പറഞ്ഞു. വീണ്ടും വണ്ടിയില്‍ കയറ്റി അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി. അവര്‍ എനിക്ക് നേരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു’. ഒമര്‍ റാഷിദ് പറഞ്ഞു.

Top