ഓരോ പന്ത്രണ്ട് മണിക്കൂറിലും ഏറ്റുമുട്ടല്‍ ; ക്രമസമാധാനം കാക്കാന്‍ ജീവന്‍ നല്‍കി യുപി പൊലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആറുമാസക്കാലത്തിനിടയ്ക്ക് പൊലീസും കുറ്റവാളികളും തമ്മില്‍ 430 ഏറ്റുമുട്ടലുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍.

ഓരോ പന്ത്രണ്ട് മണിക്കൂറിലും ഓരോ ഏറ്റുമുട്ടല്‍ വീതം ഉത്തര്‍പ്രദേശില്‍  നടക്കുന്നു.

സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകളിലാണ് ഏറ്റുമുട്ടലുകളുടെ കൃത്യമായ വിവരങ്ങളുള്ളത്.

കുറ്റവാളികളെ തുടച്ചു നീക്കാന്‍ ഏറ്റുമുട്ടലുകളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനമെന്ന്‌ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആനന്ദ് കുമാര്‍ പറയുന്നു.

ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്ന പൊലീസ് സംഘത്തിന് ഒരു ലക്ഷം രൂപ വരെയാണ് സര്‍ക്കാര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുള്ളത്.

‘ഇന്ന് ജനങ്ങള്‍ സുരക്ഷിതരാണെന്നും, മുമ്പ് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടികളുണ്ടായിരുന്നെന്നും,  ഇന്ന് ആ സാഹചര്യം മാറി,  ഇപ്പോള്‍ പൊലീസാണ് മുന്നില്‍ നിന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും’, യോഗി ആദിത്യ നാഥ് പറഞ്ഞു.

മാര്‍ച്ച് 20-നും സെപ്റ്റംബര്‍ 18-നുമിടയില്‍ നടന്ന 431 ഏറ്റുമുട്ടലുകളിലായി 17 പേരാണ് കൊല്ലപ്പെട്ടത്.  22 പൊലീസുകാര്‍  മരിക്കുകയും 88 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതുവരെയായി 1106 കുറ്റവാളികളെ പിടികൂടാനുമായെന്ന് യുപി പൊലീസ് പുറത്തുവിട്ട ഓദ്യോഗിക രേഖകളില്‍ പറയുന്നു.

‘ഞങ്ങള്‍ക്കാരെയും കൊല്ലണമെന്നില്ല പക്ഷെ ഞങ്ങളെ വെടിവെക്കുമ്പോള്‍ തിരിച്ച് വെടിവെക്കാതെ മറ്റെന്ത് ചെയ്യും’ എന്നാണ് ഏറ്റമുട്ടലുകളുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങളോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

ക്രമസമാധാനം കൊണ്ടുവരാന്‍ ഏറ്റുമുട്ടലുകളെ ആശ്രയിക്കുന്ന പൊലീസ് രീതി ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പ്രതിപക്ഷ വിമര്‍ശനം.

Top