യോഗിയുടെ സ്വന്തം യു.പിയിൽ മാധ്യമ ‘പൂട്ട്’ എവിടെ പോയി മാധ്യമ സ്വാതന്ത്ര്യം ?

ടക്ക് പുറത്ത് എന്ന് പറഞ്ഞതിന് മുഖ്യമന്ത്രി പിണറായി വിജയനെ വിചാരണ ചെയ്ത മാധ്യമങ്ങള്‍ യുപി മുഖ്യമന്ത്രിയെയും വിചാരണ ചെയ്യാന്‍ ഇനി തയ്യാറാകുമോ ? യോഗി ആദിത്യനാഥിന്റെ മൊറാദാബാദ് ജില്ലാ ആശുപത്രി സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ പൂട്ടിയിട്ട സംഭവത്തില്‍ കേരളത്തിലെ മാധ്യമങ്ങളും നിലപാട് വ്യക്തമാക്കണം. മാധ്യമധര്‍മ്മം എന്നു പറയുന്നത് എല്ലാ സംസ്ഥാനത്തും ഒരു പോലെ ബാധകമാകേണ്ട കാര്യമാണ്. ഒറ്റപ്പെട്ട സംഭവമായി ഇതിനെ മാത്രം അവഗണിക്കുന്നത് ശരിയല്ല.

ദേശീയ മാധ്യമങ്ങളാണ് യുപിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടായ ദുരനുഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി മടങ്ങുന്നതു വരെ മാധ്യമ പ്രവര്‍ത്തകരെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടെന്നും പുറത്ത് പൊലീസ് കാവല്‍ നിന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. യുപി മുഖ്യമന്ത്രിയെ ചോദ്യങ്ങളില്‍ നിന്നും ഒഴിവാക്കാനാണ് ഈ പൂട്ടിയിടല്‍ എന്നാണ് ആക്ഷേപം. മുഖ്യമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിന് മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനോജിയെ അറസ്റ്റ് ചെയ്തതിന് തൊട്ടു പിന്നാലെയാണ് പുതിയ വിവാദവും യുപിയില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്.

കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് കടുപ്പിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇത്തരം സാഹസത്തിന് പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. കടക്ക് പുറത്ത് എന്ന പ്രയോഗം പോലും ഏത് സാഹചര്യത്തിലായിരുന്നു എന്നതും പരിശോധിക്കേണ്ട കാര്യം തന്നെയാണ്. എന്നാല്‍ ഈ ആനുകൂല്യം ഒന്നും നല്‍കാതെ മുഖ്യമന്ത്രിയുടെ പ്രതികരണം മാത്രം മുന്‍ നിര്‍ത്തിയാണ് ഇവിടെ മാധ്യമങ്ങള്‍ വിചാരണ നടത്തിയിരുന്നത്. നിരന്തരം വാര്‍ത്തകള്‍ നല്‍കി കടന്നാക്രമിച്ചതും അവരുടെ അജണ്ട മുന്‍നിര്‍ത്തിയായിരുന്നു.

ചാനല്‍ സ്റ്റുഡിയോയില്‍ അന്തി ചര്‍ച്ചകള്‍ക്ക് എരിവ് പകരാന്‍ അന്തികൂട്ടിന് എത്തുന്ന നിരീക്ഷകരും ഏകപക്ഷീയമായാണ് പിണറായിയെയും സി.പി.എമ്മിനെയും ‘കടക്ക് പുറത്ത്’ വിവാദത്തില്‍ കടന്നാക്രമിച്ചിരുന്നത്. ചാനല്‍ മൈക്ക് ദേഹത്ത് കൊണ്ടപ്പോള്‍ പ്രതികരിച്ചതും ഇവിടെ വലിയ കോലാഹലമുണ്ടാക്കി. ഒരു വില്ലന്‍ പരിവേഷം പിണറായിക്ക് നല്‍കാന്‍ ഈ മാധ്യമ പ്രചരണത്തെ രാഷ്ട്രീയ എതിരാളികളും ശരിക്കും ഉപയോഗിച്ചു. പലപ്പോഴും ദേശീയ തലത്തിലും ഈ സംഭവങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. മുഖ്യമന്ത്രി പ്രതികരിക്കാനുണ്ടായ സാഹചര്യങ്ങള്‍ പരിശോധിക്കാതെ ആയിരുന്നു അവരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്.

എന്നാല്‍ ഈ മാധ്യമ വിചാരണ കൊണ്ടൊന്നും നിലപാട് തിരുത്താന്‍ പിണറായി തയ്യാറായില്ല എന്നതാണ് മറ്റൊരു കാര്യം. ഇതു തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും. മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്വാധീനമുള്ള സര്‍ക്കാറായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍. ചാനല്‍ ക്യാമറ കണ്ടാല്‍ വലിയ യജമാന ഭക്തി കാണിക്കുന്ന നിരവധി മന്ത്രിമാരും നേതാക്കളും ആ സര്‍ക്കാറില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ അമിത ‘സ്വാതന്ത്ര്യത്തിനാണ്’ കൂച്ച് വിലങ്ങിടപ്പെട്ടത്. വാര്‍ത്ത നല്‍കി പേടിപ്പിച്ച് കളയാമെന്ന വിരട്ടല്‍ ഒന്നും ഇവിടെ ചിലവാകില്ലെന്ന വ്യക്തമായ മുന്നറിയിപ്പായിരുന്നു അത്.

മാധ്യമ പ്രീണനം പിണറായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതാണ് യഥാര്‍ത്ഥത്തില്‍ പലപ്പോഴും സര്‍ക്കാരും സിപിഎമ്മും ആക്രമിക്കപ്പെടാനും കാരണമായിരുന്നത്. കുത്തക മാധ്യമങ്ങള്‍ക്ക് അവരുടെ താല്‍പ്പര്യത്തിന് വഴങ്ങുന്ന സര്‍ക്കാറുകളെയാണ് ആവശ്യം. അതിന് ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുന്നതിനാണ് ഒറ്റപ്പെട്ട സംഭവങ്ങളെ പോലും പര്‍വ്വതീകരിക്കുന്നത്. ഈ മാധ്യമങ്ങള്‍ യുപിയിലെ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഏറ്റ ‘പൂട്ടലില്‍’ ഒരു അന്തി ചര്‍ച്ചയ്ക്കെങ്കിലും തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

‘പൂട്ടല്‍’ സംഭവം ചൂണ്ടിക്കാട്ടി ബി.ജെ.പിയെ വിമര്‍ശിക്കാനും ഇവിടെ മാധ്യമങ്ങള്‍ തയ്യാറല്ല. കാരണം ഇത് കേരളത്തിലെ മാധ്യമങ്ങളെ സംബന്ധിച്ച് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. യുപിയില്‍ പ്രിയങ്കയും യോഗി ആദിത്യനാഥും എന്തു പറഞ്ഞാലും കേരളത്തില്‍ വലിയ വാര്‍ത്തകളാക്കുന്ന മാധ്യമങ്ങളാണ് പൂട്ടിയിടല്‍ സംഭവത്തില്‍ മൗനം പാലിക്കുന്നത്. ഈ സംഭവം കേരളത്തിലാണ് നടന്നതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്ന് ചിന്തിച്ചു നോക്കിയാല്‍ ഇവരുടെയെല്ലാം ഇരട്ടത്താപ്പും വ്യക്തമാകും.

Express View

Top