up meat traders meet yogi back move to ban illegal slaughterhouses

ലക്‌നൗ :യു പിയില്‍ ലൈസന്‍സുളള അറവുശാലകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഇറച്ചി വില്‍പനക്കാരുടെ സംഘടനാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്. ഇതോടെ, അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ഇറച്ചി വില്‍പനക്കാര്‍ നടത്തുന്ന സമരം പിന്‍വലിക്കുമെന്നാണ് സൂചന.

രാജ്യത്ത് അനധികൃതമായി ഒന്നും അനുവദിക്കില്ലെന്നാണ് ജനങ്ങളുടെ നിലപാട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ നിലപാടുകളെ ഇറച്ചി വില്‍പ്പനക്കാര്‍ പൂര്‍ണമായും പിന്തുണയ്ക്കുകയാണെന്നും മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്ന് ഇറച്ചി കച്ചവടക്കാരുടെ സംഘടനാ നേതാവ് സിറാജുദ്ദീന്‍ ഖുറേഷി വ്യക്തമാക്കി.

ലൈസന്‍സുള്ള മാംസ വില്‍പ്പനക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് യോഗി ഉറപ്പ് നല്‍കി. അനധികൃത അറവുശാലകള്‍ക്ക് നേരെ മാത്രമേ നടപടിയുണ്ടാകൂ. ലൈസന്‍സുള്ളവര്‍ ഭയക്കേണ്ടതില്ല. അവര്‍ക്ക് ജോലി തുടരാമെന്നും മന്ത്രി പറഞ്ഞു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു അറവുശാലകള്‍ പൂട്ടുമെന്നത്. ഇതേതുടര്‍ന്ന്, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ സംസ്ഥാനത്തെ അനധികൃത അറവുശാലകള്‍ക്ക് നേരെ കര്‍ശന നടപടികള്‍ എടുക്കുകയും അവ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ, ഉത്തര്‍പ്രദേശില്‍ ഇറച്ചി കച്ചവടക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു.

ചില സ്ഥലങ്ങളില്‍ ലൈസന്‍സുള്ള അറവുശാലകള്‍ക്ക് നേരെയും നടപടിയുണ്ടായെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Top