up-manippur-election-2017

ലഖ്നൗ: ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ അവസാനഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുപിയില്‍ ഏഴ് ജില്ലകളിലെ നാല്‍പത് മണ്ഡലങ്ങളും, മണിപ്പൂരില്‍ 22 മണ്ഡലങ്ങളുമാണ് ഇന്ന് വിധിയെഴുതുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയാണ് അവസാനഘട്ട തിരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രം. പ്രചാരണത്തിന്റെ അവസാന മൂന്ന് ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മുഖ്യമന്ത്രി അഖിലേഷ് യാദവും, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇവിടെ ശക്തമായ പ്രചാരണമാണ് നടത്തിത്.

മണിപ്പൂരില്‍ അഞ്ച് ജില്ലകളിലെ 22 സീറ്റുകളിലേക്കായി 98 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങും മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയും ഏറ്റുമുട്ടുന്ന തൗബലാണ് ഇതില്‍ ശ്രദ്ധേയം. ആദ്യഘട്ടത്തില്‍ 38 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു.ഉത്തര്‍പ്രദേശില്‍ 40 സീറ്റുകളില്‍ 23 എണ്ണവും ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളാണ്.

മാവോയിസ്റ്റ് സ്വാധീനമുള്ള മീര്‍സാപൂര്‍,ചന്ദൌളി, സോനേഭദ്ര തുടങ്ങിയ ജില്ലകളും ഇന്ന് പോളിങ്ങ് ബൂത്തിലെത്തും. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് നാല് മണിവരെ മാത്രമേ ഇവിടെ പോളിങ് ഉള്ളൂ.

സ്ഥാനാര്‍ഥികള്‍ മരിച്ച യു.പി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളില്‍ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. ഇത് കഴിയുന്നതോടെ യു.പി, പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയാകും. മാര്‍ച്ച് പതിനൊന്നിനാണ് വോട്ടെണ്ണല്‍.

Top