രാജ്യം കൊറോണ ഭീതിയില്‍;ഹരിയാനയിലും ഉത്തര്‍പ്രദേശിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും

ലക്നൗ: ഭീതി പടര്‍ത്തി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ സര്‍ക്കാറുകള്‍.സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു.

മാര്‍ച്ച് 22 വരെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും തീരുമാനിച്ചു. മാര്‍ച്ച് 22ന് അപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം അവധി നീട്ടണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 11 ആയതോടെ മുന്‍കരുതലായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നത്.

ഉത്തര്‍പ്രദേശില്‍ സാഹചര്യങ്ങള്‍ നിയന്ത്രിതമാണെന്നും ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രാദേശികമായി സ്കൂളുകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ബോധവല്‍ക്കരണ പരിപാടികളുമായി എത്തുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

കൊറോണ നിയന്ത്രണാധീതമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഒഡീഷ സര്‍ക്കാര്‍ വെള്ളിയാഴ്ച സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 31 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ ശാലകളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Top