വര്‍ഗീയ സംഘര്‍ഷം; അനധികൃത ഉച്ചഭാഷിണികൾ നീക്കംചെയ്യാൻ ഉത്തരവിട്ട് യുപി സർക്കാർ

ലഖ്‌നൗ: മതപരമായ കേന്ദ്രങ്ങളിൽനിന്ന് അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ ഉണ്ടായ വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണിത്.

അനധികൃത ഉച്ചഭാഷികൾ നീക്കം ചെയ്യുന്നതിന് മുമ്പ് മതനേതാക്കളുമായി സംസാരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യണമെന്നും യുപി സർക്കാർ പോലീസിന് നിർദേശം നൽകി. ഉച്ചഭാഷിണികളുടെ ഉപയോഗം മറ്റുള്ളവർ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാകരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതിന് പിന്നാലെയാണ് നടപടി.

അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഏപ്രിൽ 30-നകം റിപ്പോർട്ട് നൽകാൻ ജില്ലാ ഭരണകൂടങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ഇത്തരത്തിൽ 128 ഉച്ചഭാഷിണികൾ ഇതുവരെ നീക്കം ചെയ്തു. 17,000 ത്തോളം ഉച്ചഭാഷികളിലെ ശബ്ദം സ്വമേധയാ കുറച്ചിട്ടുണ്ടെന്നും എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.

സാമുദായിക സൗഹാർദത്തിന്റെ ഭാഗമായി ഝാൻസി ജില്ലയിലെ ബഡഗാവിലെ ഏറ്റവും വലിയ ക്ഷേത്രവും പള്ളിയും അതത് സ്ഥലങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തു. ഗാന്ധി ചൗക്കിൽ സ്ഥിതി ചെയ്യുന്ന രാം ജാൻകി ക്ഷേത്രവും സുന്നി ജുമാമസ്ജിദും പരസ്പരം ഏതാനും മീറ്റർ അകലെയുള്ള ഉച്ചഭാഷിണികൾ ഒഴിവാക്കാൻ തീരുമാനിച്ചു.ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുകൊണ്ടല്ല നടപടിയെന്നും യുപി സർക്കാർ അറിയിച്ചു.

 

Top