കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ യോഗി സര്‍ക്കര്‍ പരാജയപ്പെട്ടു; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ലക്‌നൗ: ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തിന് പിന്നാലെ യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗന്ധി. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ യോഗി സര്‍ക്കര്‍ പരാജയപ്പെട്ടുവെന്ന് പ്രിയങ്ക പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ വാര്‍ത്താ തലക്കെട്ടുകള്‍ പങ്കുവെച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ”കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടു”. പ്രിയങ്ക കുറിച്ചു. കമലേഷ് തിവാരിയുടെ കൊലപാതകത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിലെ പ്രധാന വാര്‍ത്തകളില്‍ ഒന്ന്.

അതേസമയം, തിവാരിയുടെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു. കൊലപാതകം ”ഭീകരത സൃഷ്ടിക്കുന്ന തെറ്റ്” എന്ന് പറഞ്ഞ ആദിത്യനാഥ് കുറ്റവാളികളെ വെറുതെ വിടില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിവാരിയെ കൊലപ്പെടുത്തിയതില്‍ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടു.

തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേര്‍ ഇതുവരെ അറസ്റ്റിലായി. പ്രവാചകനെ നിന്ദിച്ചതിലെ പ്രകോപനമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞത്.

Top