സിഖ് രോഷത്തില്‍ ബിജെപി ഭസ്മമാകും, കര്‍ഷക മരണം യോഗിയുടെ കസേര തെറിപ്പിക്കും !

ലക്‌നൗ: ലംഖിപൂര്‍ സംഭവത്തില്‍ നാലുപാടു നിന്നും പ്രതിഷേധ സ്വരം കടുക്കുമ്പോള്‍ ബിജെപിയുടെ നില പരുങ്ങലിലായിരിക്കുകയാണ്. കര്‍ഷകരുടെ മരണത്തില്‍ സിഖ് വിഭാഗം പ്രതിഷേധത്തിനു തിരി തെളിച്ചതോടെ കാര്യങ്ങള്‍ വഷളായിരിക്കുകയാണ്.

ഗണ്യമായ സിഖ് ജനസംഖ്യയുള്ള ഇവിടെ കര്‍ഷക സമരത്തിനു വലിയ പിന്തുണയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഈ വിഷയത്തോടെ വന്‍കിടകര്‍ഷകരായ സിഖ് സമൂഹം ഒന്നടങ്കം ഇളകിയിരിക്കുകയാണ്. 2017 ലെ തിരഞ്ഞെടുപ്പില്‍ ലഖിംപുര്‍ ഖേരി ജില്ലയിലെ 8 സീറ്റുകളിലും ബിജെപിയാണു ജയിച്ചത്. വോട്ടു ശതമാനത്തിലും വലിയ വര്‍ധനയുണ്ടായിരുന്നു.

എന്നാല്‍, കര്‍ഷകരുടെ മരണത്തോടെ ബിജെപിക്ക് ഇനിയൊരു വിജയമെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. അടുത്ത ജില്ലകളായ പിലിഭിത്ത്, ഷാജഹാന്‍പുര്‍, ഹര്‍ദോയി, സിതാപുര്‍, ബഹ്‌റൈച്ച് എന്നിവിടങ്ങളിലെ 42 നിയമസഭാ സീറ്റുകളിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമോ എന്നും ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇതില്‍ 37 എണ്ണവും കഴിഞ്ഞ തവണ ബിജെപി ജയിച്ചതാണ്. ബ്രാഹ്‌മണര്‍, മുസ്ലിംകള്‍, കുര്‍മികള്‍ എന്നിവരാണു ജില്ലയില്‍ കൂടുതലുള്ളതെങ്കിലും കരിമ്പുകൃഷിയെ കൂടുതലായി ആശ്രയിക്കുന്ന ഇവിടെ കര്‍ഷകരുടെ നിലപാടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട് താനും.

അതിനിടെ, യുപിയിലെ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ലഖിംപുരിലെ കിരാതമായ കൊലപാതകം അംഗീകരിക്കാനാവില്ലെന്ന് അമിത് ഷായെ അറിയിച്ചുവെന്ന് ഛന്നി പറഞ്ഞു.

അവിടേയ്ക്ക് എത്തുന്ന നേതാക്കളെ അറസ്റ്റ് ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും, വിവാദ കാര്‍ഷിക നിയമങ്ങള്‍ ഉടനടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഛന്നി പറഞ്ഞു. ലഹരിമരുന്നും ആയുധങ്ങളും രാജ്യത്തേക്കു കടത്തുന്നതു തടയാന്‍ പഞ്ചാബ് അതിര്‍ത്തി അടയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, കേസില്‍ പ്രതിയായ മകനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര രംഗത്തെത്തി. കര്‍ഷകര്‍ക്കിടയിലേക്കു പാഞ്ഞു കയറിയ വാഹനം തന്റേതാണെന്ന് മന്ത്രി സമ്മതിച്ചു. എന്നാല്‍ മകന്‍ ആഷിഷ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ജോലിക്കാരെ കൊണ്ടുവരാന്‍ വേണ്ടിയാണ് തന്റെ വാഹനം പോയത്. ആ സമയത്ത് മകന്‍ മറ്റൊരിടത്തായിരുന്നു. അവിടുത്തെ ചിത്രങ്ങളും വിഡിയോയുമുണ്ട്.

ആഷിഷിന്റെ കോള്‍ റിക്കോര്‍ഡ് പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. വാഹനത്തിന്റെ ഡ്രൈവറും രണ്ടു ജോലിക്കാരും കൊല്ലപ്പെട്ടു. ഒരാള്‍ രക്ഷപ്പെട്ടു. മൂന്നു പേര്‍ക്കു പരുക്കുണ്ട്. പിന്നീട് വാഹനം കത്തിക്കുകയായിരുന്നു. കര്‍ഷകര്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന അക്രമികളാണ് ഇതൊക്കെ ചെയ്തിരിക്കുന്നതെന്നും മന്ത്രി വാദിച്ചു.

Top