മരിച്ചാലും വെറുതെവിടില്ല; മരിച്ചവരുടെ പേരില്‍ ഇന്‍ഷുറന്‍സ് സംഘടിപ്പിച്ച് പണം തട്ടിയ സംഘം പിടിയില്‍

രിച്ച വ്യക്തികളുടെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്ത് തട്ടിപ്പ് നടത്തിയ സംഘത്തെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. ഈ പോളിസികള്‍ ഉപയോഗിച്ച് പിന്നീട് പണം കൈക്കലാക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. രണ്ട് മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ ഉള്‍പ്പെടെ നാലംഗ സംഘത്തെയാണ് മൊറാദാബാദില്‍ നിന്ന് പോലീസ് പിടികൂടിയത്.

മരണപ്പെട്ട പന്ത്രണ്ടോളം വ്യക്തികളുടെ പേരില്‍ നടത്തിയ തട്ടിപ്പാണ് ഇതോടെ പുറത്തുവന്നതെന്ന് എസ്ടിഎഫ് എഎസ്പി വിശാല്‍ വിക്രം സിംഗ് പറഞ്ഞു. ഉപയോഗിക്കാതെ കിടന്ന ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ബാങ്കുകളെ കബളിപ്പിച്ച് പണം ഇവരുടെ അക്കൗണ്ടുകളിലേക്ക് അയയ്ക്കുകയും ചെയ്‌തെന്നാണ് പോലീസ് പറഞ്ഞു. ഉപയോക്താക്കളുടെ പേരില്‍ വ്യാജമായി സൃഷ്ടിച്ച അക്കൗണ്ടുകളിലേക്കാണ് ഫണ്ട് അയച്ചത്.

ഹരിയോം സെയ്‌നി, പ്രമോദ് കുമാര്‍, അനുജ് കുമാര്‍, അങ്കിത് ചൗധരി എന്നിവരാണ് അറസ്റ്റിലായത്. സെയ്‌നിയും, പ്രമോദും മുന്‍പ് വന്‍കിട ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്തവരാണ്. അനൂജ് ജന സേവാ കേന്ദ്രം നടത്തിവരികയാണ്. ‘പ്രദേശത്ത് മരിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് സംഘത്തിന്റെ ആദ്യ പണി. ഇതിന് ശേഷം മരിച്ചവരുടെ ഏതെങ്കിലും ബന്ധുവിനെയും, ബാങ്ക്, ഇന്‍ഷുറന്‍സ്, ബാങ്ക് ഉദ്യോഗസ്ഥരെ കൂടി ചേര്‍ത്ത് പോളിസി ഒപ്പിക്കും. ഏതാനും മാസങ്ങള്‍ക്ക് ശേഷം രേഖകള്‍ വ്യാജമായി സൃഷ്ടിച്ച് തുക കൈക്കലാക്കും’, സംഘത്തിന്റെ രീതിയെക്കുറിച്ച് പോലീസ് പറഞ്ഞു.

സംഘത്തെ പിടികൂടിയതോടെ ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തവരെ കൂടി കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

Top