യുപി തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സമിതികളില്‍ നിന്ന് കത്തയച്ചവരെ ഒഴിവാക്കി

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി കോണ്‍ഗ്രസ് സമിതികളില്‍ നിന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിയ്ക്ക് കത്തയച്ചവരെ ഒഴിവാക്കി. ഏഴ് സമിതികളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നേതൃമാറ്റം ആവശ്യപ്പെട്ട് സോണി ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ഉള്‍പ്പെട്ട ജിതിന്‍ പ്രസാദിനേയും രാജ് ബബ്ബാറിനേയും ഈ സമിതികളിലേക്ക് പരിഗണിച്ചില്ല.

ഞായറാഴ്ചയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സമിതികള്‍ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ മറ്റൊരു പ്രമുഖ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ആര്‍.പി.എന്‍ സിങിനേയും സമിതികളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യുപിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി ഏറെ അടുപ്പമുള്ളവര്‍ സമിതികളില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഗുലാംനബി ആസാദ്, കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങിയ 23 നേതാക്കളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി നേതൃമാറ്റവും പാര്‍ട്ടിയില്‍ അഴിച്ചുപണിയും ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചത്. കത്തെഴുതിയതിന് പിന്നാലെ മുന്‍ കേന്ദ്ര മന്ത്രി ജിതിന്‍ പ്രസാദക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ഒരു കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജ് ബബ്ബാറിന് സമിതികളില്‍ ഇടം നല്‍കാത്തതും ശ്രദ്ധേയമാണ്.

അതേ സമയം മറ്റു മുതിര്‍ന്ന നേതാക്കളേയും യുവാക്കളേയും ഉള്‍പ്പെടുത്തിയുള്ളതാണ് കമ്മിറ്റികള്‍. തിരഞ്ഞെടുപ്പ് പ്രകടനപത്രിക, മെമ്പര്‍ഷിപ്പ്, മീഡിയ, പരിപാടികള്‍ നടപ്പാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്.

സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തിലാണ് പ്രകടന പത്രിക സമിതി, റാഷിദ് ആല്‍വിയുടെ നേതൃത്വത്തിലാണ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപദേശക സമിതി. അനുരാഗ് നാരായണ്‍ സിങിന്റെ നേതൃത്വത്തിലുള്ള മെമ്പര്‍ഷിപ്പ് സമിതി, പഞ്ചായത്ത് രാജ് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രാജേഷ് മിശ്ര നേതൃത്വം നല്‍കുന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു എല്ലാ സമിതികളുടേയും മേല്‍നോട്ടം വഹിക്കും.

യിപിയിലെ എല്ലാ ജില്ലകളിലും മാനിഫെസ്റ്റോ കമ്മിറ്റി സന്ദര്‍ശനം നടത്തും. ഓരോ ജില്ലയിലേയും പ്രശ്‌നങ്ങളും ആവശ്യകതയും പഠിക്കും. അതുള്‍ക്കൊള്ളിച്ചാകും പ്രകടനപത്രിക തയ്യാറാക്കുന്നത്. തിരഞ്ഞെടുപ്പിന് എട്ട് മാസം മുമ്പെങ്കിലും പ്രകടന പത്രിക പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.

Top