യുപി തെരഞ്ഞെടുപ്പ്; ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

ലക്നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി നേതൃത്വം നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും ആയ സല്‍മാല്‍ ഖുര്‍ഷിദ്. വേറൊരു രാഷ്ട്രീയ പാര്‍ട്ടിയുമായും യുപിയില്‍ സഖ്യത്തിലേര്‍പ്പെടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ആര്‍ക്കെങ്കിലും കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവരെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാകും കോണ്‍ഗ്രസ് യുപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക. വിജയം ഉറപ്പിക്കുന്നതിനായി പ്രിയങ്ക കഠിന പരിശ്രമമാണ് നടത്തുന്നത്. പിന്നീട് പ്രിയങ്ക തന്നെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് പ്രഖ്യാപിക്കും’- ഖുര്‍ഷിദ് പറഞ്ഞു.

സ്ത്രീ സുരക്ഷയ്ക്കും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കും പ്രഥമ പരിഗണന നല്‍കുന്ന പ്രകടന പത്രികയാകും കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കും പ്രാധാന്യം നല്‍കും. ഇതുമായി ബന്ധപ്പെട്ട ജനങ്ങളുമായി ആശയവിനിമയം നടത്തി വരികയാണെന്നും അവരുടെ ശബ്ദമായിരിക്കും പത്രികയില്‍ പ്രകടമാവുകയെന്നും അദ്ദേഹം അറിയിച്ചു.

 

Top