യുപിയിലെ തെരഞ്ഞെടുപ്പിന് നാളെ തുടക്കം, ഒന്നാം ഘട്ടം നാളെ പടിഞ്ഞാറന്‍ യുപിയില്‍

vote

ലക്‌നൗ: ഉത്തര്‍പ്രദേശ് ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിന് നാളെ തുടക്കം. സംസ്ഥാന തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ടം നാളെ പടിഞ്ഞാറന്‍ യുപിയിലാണ് തുടങ്ങുന്നത്. 11 ജില്ലകളിലെ 58 നിയമ സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നടക്കുക. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ വീട് വീടാന്തരം കയറി ഇറങ്ങി വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് യുപിയിലെ സ്ഥാനാര്‍ഥികള്‍.

രണ്ട് കോടി 27ലക്ഷം വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വിധിഎഴുതുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂരില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പത്രിക സമര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടക്കമുള്ളവരെ തോല്‍പ്പിച്ച സ്ഥലമാണ് ഉത്തര്‍പ്രദേശ് എന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

623 സ്ഥാനാര്‍ഥികളാണ് മത്സരംഗത്തുള്ളത്. ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. സമാജ്‌വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ആര്‍.എല്‍.ഡിയ്ക്ക് ഏറെ പ്രതീക്ഷയുള്ള പ്രദേശമാണ് പടിഞ്ഞാറന്‍ യുപി.

കേന്ദ്രമന്ത്രി രാജ് നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിങ് മത്സരിക്കുന്ന നോയിഡ, ജയിലില്‍ കിടന്ന് സിറ്റിംഗ് എംഎല്‍എ കൂടിയായ നാഹിദ് ഹസന്‍ മത്സരിക്കുന്ന കറൈന, കരിമ്പ് വ്യവസായ വകുപ്പ് മന്ത്രി സുരേഷ് റാണാ മത്സരിക്കുന്ന താന ഭവന്‍ എന്നീ മണ്ഡലങ്ങള്‍ ഒന്നാംഘട്ടത്തിലാണ്. ഏഴ് ഘട്ടമായിട്ടാണ് യുപി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത്.

Top