ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നിയമസഭ പ്രതിപക്ഷ നേതാവും മുതിര്‍ന്ന സമാജ് വാദ് പാര്‍ടി നേതാവുമായ രാം കോവിന്ദ് ചൗധരി, മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും ഇന്ന് യു പിയില്‍ നിന്നും ജനവിധി തേടും.

10 ജില്ലകളില്‍ നിന്നായി 57 നിയമസഭ മണ്ഡലങ്ങളാണ് ഇന്ന് ജനവിധി എഴുതുന്നത്. 676 സ്ഥാനാര്‍ഥികളാണ് ആറാംഘട്ടത്തില്‍ മത്സര രംഗത്തുള്ളത്. ഗോരഖ്പൂര്‍, അംബേദ്കര്‍ നഗര്‍, ബല്ലിയ, ബല്‍റാംപൂര്‍, ബസ്തി, ദിയോറിയ, ഖുഷിനഗര്‍, മഹാരാജ്ഗഞ്ച്, സന്ത് കബീര്‍ നഗര്‍, സിദ്ധാര്‍ത്ഥ് നഗര്‍ എന്നീ പത്ത് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ഗോരഖ്പൂര്‍ അര്‍ബനില്‍ നിന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനവിധി തേടുന്നത്. പഥര്‍ദേവയില്‍ നിന്നും കൃഷി മന്ത്രി സൂര്യ പ്രതാപ് ഷാഹി, ഇറ്റ്‌വയില്‍ നിന്നും വിദ്യാഭ്യാസ മന്ത്രി സതീഷ് ചന്ദ്ര ദ്വിവേദി, ബാന്‍സിയില്‍ നിന്നും ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് എന്നിവരാണ് ആറാം ഘട്ട മത്സരത്തിലെ പ്രമുഖര്‍.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന്റെ തംകുഹി രാജ് മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്ബ് എസ്പിയില്‍ ചേരാന്‍ ബിജെപി വിട്ട സ്വാമി പ്രസാദ് മൗര്യ കുശിനഗര്‍ ജില്ലയിലെ ഫാസില്‍നഗറില്‍ നിന്നും മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി ബല്ലിയ ജില്ലയില്‍ നിന്നുള്ള ബന്‍സ്ദിയില്‍ നിന്നും ജനവിധി തേടുന്നുണ്ട്.

ആറാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം ചൊവ്വാഴ്ച വൈകിട്ടോടെ അവസാനിച്ചിരുന്നു. യുപിയിലെ 403 മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 292 മണ്ഡലങ്ങളില്‍ ഇതിനോടകം വോട്ടെടുപ്പ് പുര്‍ത്തിയായി. അവസാന ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 7ന് നടക്കും.

Top