up election-Advertising Ends Today

ലഖ്‌നൗ: യുപിയില്‍ അവസാന ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഏഴ് ജില്ലകളിലെ 40 മണ്ഡലങ്ങളില്‍ ചൊവ്വാഴ്ചയാണ് അവസാനഘട്ട പോളിംഗ്. രണ്ട് മാസമായി നീണ്ട് നില്‍ക്കുന്ന പ്രചാരണ കോലാഹലങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശില്‍ ഇന്ന് അവസാനമാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്‌സഭയിലേക്ക് വിജയിപ്പിച്ച വരാണസി ലോക്‌സഭ മണ്ഡലത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ബിജെപി ശക്തമായ പ്രചാരണമാണ് അവസാന ദിവസങ്ങളില്‍ നടത്തുന്നത്.

പ്രധാനമന്ത്രി മണിക്കൂറുകള്‍ നീണ്ട് നിന്ന രണ്ട് റോഡ് ഷോകളാണ് കഴിഞ്ഞ രണ്ട് ദിവസം മാത്രം നടത്തിയത്. മോദിക്ക് മറുപടിയായി അഖിലേഷ് യാദവും, രാഹുല്‍ ഗാന്ധിയും നഗരത്തില്‍ സംയുക്ത റോഡ് ഷോ നടത്തി. ബിഎസ്പി നേതാവ് മായാവതിയും മേഖലയിലെ വിവിധ റാലികളില്‍ പങ്കെടുത്തു.

നിലവിലുള്ള നാല് സിറ്റിംഗ് സീറ്റുകളില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാവോയിസ്റ്റ് സ്വാധീന മേഖലകളായ മീര്‍സാപൂര്‍, സോനേഭദ്ര, ചന്ദൌളി ജില്ലകളും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. അതിനാല്‍ മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2012ല്‍ 40ല്‍ 26സീറ്റുകളില്‍ എസ്പിയും, കോണ്‍ഗ്രസുമായിരുന്ന ജയിച്ചത്. പക്ഷെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 40 നിയമസഭ മണ്ഡലങ്ങളിലും ബിജെപിക്കായിരുന്നു ലീഡ്.

മണിപ്പൂരിലും രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. താഴ്വര ഭാഗത്തുള്ള 22 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ചയാണ് നടക്കുക.

മലയോര മേഖലയുള്‍പ്പെടുന്ന ആദ്യ ഘട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 83 ശതമാനം പോളിംഗായിരുന്നു നടന്നിരുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചരാണത്തില്‍ ബിജെപിക്ക് വേണ്ടി കേന്ദ്ര മന്ത്രിമാരായ മന്ത്രി രാജ്‌നാഥ് സിംഗ്, നിഥിന്‍ ഗഡ്കരി തുടങ്ങിയവരാണ് നേതൃത്വതം നല്‍കിയത്.

Top