ബുലന്ദ്ഷഹര്‍ അക്രമത്തില്‍ ഗൂഢാലോചനയെന്ന് യുപി ഡിജിപി

bulandshahar

ബുലന്ദ്ഷഹര്‍: ബുലന്ദ്ഷഹറിലുണ്ടായ സംഘര്‍ഷത്തില്‍ ഗൂഢാലോചനയുണ്ടെന്ന് യുപി ഡിജിപി ഒപി സിങ്. പശുക്കളെ അറുത്തത് ആദ്യം അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, അക്രമങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ആറ് പ്രത്യേക അന്വേഷണസംഘത്തെയാണ് അക്രമസംഭവങ്ങളും കൊലപാതകവും അന്വേഷിക്കാനായി നിയോഗിച്ചിരിക്കുന്നത്.

അക്രമം നടന്നതിന് പിന്നാലെ കനത്ത സുരക്ഷയാണ് ബുലന്ദ്ഷഹറിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ ഉന്നതതല യോഗം വിളിച്ച് ചേര്‍ക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളുടെ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് ഇന്‍സ്പക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് സര്‍ക്കാര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ബുലന്ദ്ഷഹര്‍ ജില്ലയിലെ സിയാന മേഖലയില്‍ നാനൂറോളം വരുന്ന ആള്‍ക്കൂട്ടമാണ് അക്രമം അഴിച്ചു വിട്ടത്. പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന മാലിന്യങ്ങള്‍ വനപ്രദേശത്ത് കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കലാപം ആരംഭിക്കുന്നത്.

Top