രഥയാത്രയ്ക്ക് വഴി തെളിഞ്ഞില്ല ,പകരം പദയാത്ര; നയിക്കാന്‍ യോഗി ആദിത്യനാഥ്

yogi

കൊല്‍ക്കത്ത : ബംഗാളില്‍ രഥയാത്ര നടത്താന്‍ അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് പദയാത്രയ്‌ക്കൊരുങ്ങി ബിജെപി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിനാഥാണ് പദയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പന്നിപ്പനിയായതിനാലാണ് യോഗി പദയാത്ര നയിക്കുന്നത്‌

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ കലാപത്തിന്റെ പേരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ രാജ്യത്ത് വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് യോഗിയെ മുന്‍നിര്‍ത്തി ബിജെപി പദയാത്രയ്‌ക്കൊരുങ്ങുന്നത്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്ത് രഥയാത്രയ്ക്ക് അനുമതി നല്‍കാത്തതിനെ പരോക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചുട്ടമറുപടി തന്നെയാണ് മമത നല്‍കിയത്.

സംസ്ഥാനത്ത് ജനാധിപത്യമില്ലെന്ന് പറഞ്ഞ മോദിയോട് ബംഗാളില്‍ പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നില്ലെന്നായിരുന്നു മമത പറഞ്ഞത്. ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം നടക്കുന്ന ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനത്ത് നിന്നുള്ള മുഖ്യമന്ത്രി രഥയാത്ര നയിക്കുന്നതിനെതിരെ വിമര്‍ശനമുയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

രഥയാത്ര സംഘടിപ്പിക്കുന്നത് വര്‍ഗീയ സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചായിരുന്നു ബംഗാള്‍ സര്‍ക്കാര്‍ രഥയാത്രയ്ക്ക് അനുമതി തടഞ്ഞത്. തുടര്‍ന്ന് ബിജെപി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി വിധി ബിജെപിക്ക് എതിരായിരുന്നു. പിന്നീട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും വിധി അനുകൂലമായില്ല. സംസ്ഥാനസര്‍ക്കാരിന്റെ ആശങ്ക തള്ളിക്കളയാനാവില്ലെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്.

Top