യു.പിയിൽ വീണ്ടും ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യാൻ ബി.ജെ.പി നീക്കം . . .

മുസഫര്‍ നഗറിലെ തെരുവില്‍ ചിതറിയ ചോര തുള്ളികള്‍ക്ക് മേല്‍ നൃത്തം ചവിട്ടി യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍. 2013 ലെ മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട 13 കേസുകളാണ് യു.പി സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് യു.പി പ്രത്യേക നിയമ സെക്രട്ടറി ജെ.ജെ.സിങ് മുസഫര്‍ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റായ രാജീവ് ശര്‍മ്മക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് അപകടകരമായ രാഷ്ട്രീയമാണ് യു .പി സര്‍ക്കാര്‍ ഇപ്പോള്‍ പയറ്റുന്നത്.

എസ്.പി – ബി.എസ്.പി സഖ്യവും പ്രിയങ്കയിലൂടെ കോണ്‍ഗ്രസ്സും ശക്തമായ വെല്ലുവിളി യു .പിയില്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് വിവാദം ലക്ഷ്യമിട്ട ഈ നീക്കം. വീണ്ടും മുസഫര്‍ കലാപ നാളുകള്‍ സജീവ വിഷയമാക്കി ഹൈന്ദവ വോട്ടുകള്‍ കേന്ദ്രീകരിപ്പിക്കുകയാണ് ലക്ഷ്യം.

80 ലോകസഭ സീറ്റുകള്‍ സംഭാവന ചെയ്യുന്ന യുപിയില്‍ കഴിഞ്ഞ തവണ നേടിയ 73 സീറ്റിന്റെ പിന്‍ബലത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. പുതിയ സഖ്യ സാഹചര്യത്തില്‍ ബി.ജെ.പി 18 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തിലാണ് മോദിയുടെ രണ്ടാം ഊഴം ഉറപ്പിക്കാന്‍ കൈവിട്ട കളി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തുന്നത്. 2013ല്‍ നടന്ന മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട 18 കേസുകള്‍ പിന്‍വലിക്കാനാണ് യോഗിയും കൂട്ടരും ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

Yogi Adityanath

സര്‍ക്കാറില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് ജില്ല അധികൃതര്‍ കേസ് പിന്‍വലിക്കാനുള്ള അനുമതി തേടി കോടതിയെ സമീപിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. ഐ.പി.സിയിലെ സുപ്രധാന വകുപ്പുകള്‍ പ്രകാരം ഫയല്‍ ചെയ്ത കേസുകളാണിവ. കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 125 കേസുകളുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തേടിയിരുന്നു.

ഇതില്‍ കേസുകള്‍ പിന്‍വലിക്കുന്നതിന്റെ സാധ്യതയും ആരാഞ്ഞിരുന്നുവെന്ന് അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് അമിത് കുമാര്‍ വ്യക്തമാക്കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

ഭരണകക്ഷിയായ ബി.ജെ.പിയുടെ നിരവധി നേതാക്കള്‍ ഈ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എം.പിമാരായ സഞ്ജീവ് ബല്യാണ്‍, ഭാരതേന്ദ്ര സിങ്, എം.എല്‍.എമാരായ സംഗീത് സോം, ഉമേഷ് മലിക്ക് തുടങ്ങിയവര്‍ ഇതില്‍പെടും. പുറമെ, യു.പി മന്ത്രി സുരേഷ് റാണ, ഹിന്ദുത്വ നേതാവ് സാധ്വി പ്രാചി എന്നിവര്‍ക്കെതിരെയും കേസുകള്‍ ഉണ്ട്. എന്നാല്‍, പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയ കേസുകളില്‍ ഇവരുടെ പേരുകളുണ്ടോയെന്ന കാര്യം ഇനി പുറത്തു വരാനിരിക്കുന്നതേയുള്ളൂ.

2013 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി നടന്ന കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും 40,000ത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തു. കലാപകേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സേനയെ യു.പി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതില്‍ 175 കേസുകളില്‍ എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിച്ചു.

6869 പേര്‍ക്കെതിരില്‍ കേസ് എടുക്കുകയും 1480 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. തെളിവില്ലെന്ന കാരണത്താല്‍ 54 കേസുകളിലെ 418 പേരെ വെറുതെ വിടുകയായിരുന്നു.

രാജ്യത്തെ നടുക്കിയ കലാപത്തില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ തുടക്കം മുതല്‍ നടന്ന ഇടപെടലുകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ നടക്കുന്ന കേസ് പിന്‍വലിക്കാനുള്ള നീക്കവും. എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ലഭ്യമാക്കാന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള സംസ്ഥാന സര്‍ക്കാറാണ് ഈ പക്ഷപാതപരമായ നിലപാട് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സജീവമാക്കാന്‍ ഒരിങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. തര്‍ക്കമന്ദിരത്തിനു സമീപത്തുള്ള ഭൂമി രാം ജന്മഭൂമി ന്യാസിനു വിട്ടുകൊടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മാണത്തിനു നേതൃത്വം നല്‍കുന്നത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള രാം ജന്മഭൂമി ന്യാസാണ്.

1992ല്‍ തകര്‍ക്കപ്പെടുന്നതിനു മുമ്പ് ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താകെ തല്‍സ്ഥിതി തുടരാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ തര്‍ക്കമില്ലാത്ത അധികഭൂമിയെ ഇതില്‍നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

political reporter

Top