ഉത്തര്‍പ്രദേശിലെ ബിജെപിയുടെ സഖ്യകക്ഷി മോദിക്കെതിരെ മത്സരിക്കാനൊരുങ്ങുന്നു

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി ( എസ്ബിഎസ്പി) തനിച്ച് മത്സരിക്കും. സംസ്ഥാനത്തെ 39 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് എസ്ബിഎസ്പി തലവന്‍ ഓം പ്രകാശ് രാജ്ഭര്‍ പ്രഖ്യാപിച്ചു.

മോദിക്കെതിരെ വാരാണസി മണ്ഡലത്തിലും ലഖ്‌നൗവില്‍ രാജ് നാഥ് സിങ്ങിനെതിരെയും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് രാജ്ഭര്‍ അറിയിച്ചു. വാരാണസിയില്‍ സിദ്ദാര്‍ത്ഥ് രാജ്ഭറും ലഖ്‌നൗവില്‍ ബബന്‍ രാജ്ഭറുമായിരിക്കും മത്സരിക്കുക. ഉത്തര്‍പ്രദേശിലെ സീറ്റുകളില്‍ ബിജെപി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതിനോടുള്ള എതിര്‍പ്പാണ് നീക്കത്തിന് പിന്നിലെന്നാണ് സൂചന.

അഞ്ച് സീറ്റുകളില്‍ എസ്ബിഎസ്പിയുടെ ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് രാജ്ഭര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് ബിജെപി അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ബിജെപിയുമായി ധാരണയില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ സന്നദ്ദമായിരുന്നുവെങ്കിലും ഒറ്റയ്ക്ക് പോകാന്‍ നിര്‍ബന്ധിതനായെന്ന് രാജ്ഭര്‍ മാധ്യമങ്ങളോട് പിന്നീട് പറഞ്ഞു. തങ്ങള്‍ക്ക് സീറ്റുകളൊന്നും നല്‍കാതിരുക്കുമ്പോള്‍ തന്നെ അപ്നാ ദളിന് രണ്ട് സീറ്റുകള്‍ ബിജെപി വിട്ടുനല്‍കിയെന്നും രാജ്ഭര്‍ ചൂണ്ടിക്കാട്ടി. ബിജെപിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാനില്ലെന്നും രാജഭര്‍ പറഞ്ഞു. സംസ്ഥാനത്തെ 39 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച തന്റെ രാജിക്കത്തുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാനായി പുലര്‍ച്ചെ മൂന്നുമണിക്ക് രാജ്ഭര്‍ എത്തിയെങ്കിലും മുഖ്യമന്ത്രി ഉറങ്ങുകയാണെന്ന കാരണം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് രാജ്ഭര്‍ പ്രഖ്യാപിച്ചത്.

Top