യുപി നിയമസഭാ തെരെഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ആറ് ഘട്ടങ്ങളിലായി നടക്കുന്ന യുപിയിലെ തെരഞ്ഞെടുപ്പിലെ ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഖൊരഖ്പുരിലും, ഉപമുഖ്യമന്ത്രി കെപി മൗര്യ പ്രയാഗ് രാജിലും ജനവിധി തേടും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ മകനാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന മറ്റൊരു പ്രമുഖന്‍. ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന നോയ്ഡയിലാണ് പങ്കജ് സിങ് മത്സരത്തിന് ഇറങ്ങുന്നത്. 107 പേരുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്.

യോഗിയുടെ ശക്തി കേന്ദ്രമായിരുന്ന ഗോരഖ്പൂരില്‍ മത്സരിച്ചേക്കില്ലെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 2017 വരെ ഗോരഖ്പൂര്‍ ലോക്‌സഭാ സീറ്റില്‍ നിന്ന് തുടര്‍ച്ചയായി അഞ്ച് തവണ ലോക്‌സഭയിലെത്തിയ യോഗി ഇത്തവണ തട്ടകം വിട്ട് അയോധ്യയിലേക്ക് മാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് യോഗി ഖൊരഖ്പുരില്‍ തന്നെ മത്സരിക്കുമെന്ന് അറിയിക്കുകയായിരുന്നു. ഇതുവരെ ഒരു നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ലാത്ത വ്യക്തിയാണ് യോഗി.

ആദ്യ രണ്ട് ഘട്ട തിരഞ്ഞെടുപ്പുകള്‍ക്കായി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ 60 ശതമാനത്തോളം ഒബിസി, പട്ടികജാതി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആണെന്നതും ശ്രദ്ധേയമാണ്. പ്രഖ്യാപിച്ച 107 സ്ഥാനാര്‍ത്ഥികളില്‍ 44 പേര്‍ ഒബിസിയില്‍ വിഭാഗത്തില്‍പെട്ടവരും 19 പേര്‍ പട്ടികജാതി, ദളിത് വിഭാഗത്തില്‍ നിന്നുള്ളവരുമാണെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

പട്ടികയില്‍ 63 സിറ്റിങ് എംഎല്‍എമാരും 21 പേര്‍ പുതുമുഖങ്ങളുമാണ്. സിറ്റിംഗ് എം.എല്‍.എമാരില്‍ 20 ശതമാനത്തോളം പേരെ ഒഴിവാക്കിയാണ് പട്ടിക. 10 പേര്‍ സ്ത്രീകളുമാണ്. സംവരണ സീറ്റുകള്‍ക്ക് പുറത്തും ഒബിസി, ദളിത് സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാനും ബിജെപി തയ്യാറായിട്ടുണ്ട്.

 

Top